മുത്ത് വാരൽ സീസണിന് തുടക്കമായി
മനാമ: ബഹ്റൈനിലെ ടൂറിസം മേഖലയിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന മുത്ത് വാരൽ സീസണിന് തുടക്കമായി. രണ്ടായിരം വർഷത്തെ പാരന്പര്യമുള്ള ബഹ്റൈനിലെ മുത്ത് വാരൽ ഇത്തവണ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നു.
ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയാണ് പൊതുജനത്തിനും, വിദേശികൾക്കും ഈ അവസരം ഉപയോഗിക്കാനുള്ള പച്ചക്കൊടി കാണിച്ചത്. ഈയൊരു തീരുമാനത്തിൽ വളരെ സന്തോഷം ഉണ്ടെന്നും, ഇതിലൂടെ ടൂറിസം വളർത്തിയെടുക്കാൻ സാധിക്കുമെന്നും ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഷെയ്ക്ക് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫ പറഞ്ഞു. അംഗീകൃത ഡൈവിംഗ്, സ്നോർകെല്ലിംഗ് എന്നീ സെന്ററുകളുടെ നേതൃത്വത്തിലാണ് പേളിംഗ് ട്രിപ്പുകൾ ഒരുക്കിയിരിക്കുന്നത്.
മുത്തുവാരൽ യാത്ര തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള സ്ഥലമായി മുഹറഖിലെ റാസ്റയ ഫിഷിംഗ് ഹാർബർ നിശ്ചയിച്ചിട്ടുണ്ട്. മുത്തുവാരലുകാർക്ക് ബഹ്റൈൻ എക്സിബിഷൻ ആന്റ് കൺവെൻഷൻ അതോറിറ്റിയിൽനിന്ന് അഞ്ച് ദിനാറിന്റെ ടിക്കറ്റ് വാങ്ങാൻ സാധിക്കും. ആളുകൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ ഒരു മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ ഇതിൽ പങ്കാളികൾ ആകാം.
വൺ ഡേ ടിക്കറ്റുകൾ മുഹറഖിലെ റാസ്റയ ജെട്ടിയിൽ ലഭ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

