ഒന്ന് ശ്വസിക്കാൻ പ്രവാസിയുടെ മകന് വേണം കരുണയുള്ളവരുടെ കൈത്താങ്ങ്
മനാമ: ഹൃദയമിടിപ്പിന്റെ താളം ഒന്ന് തെറ്റിയാൽ ജീവിതം തന്നെ ഇല്ലാതാകുന്ന മനുഷ്യാവസ്ഥയെ താങ്ങിനിർത്താൻ ശ്വാസോച്ഛ്വാസം ഇല്ലാതെ കഴിയില്ല. എന്നാൽ ഓരോ ശ്വാസോച്ഛ്വാസത്തിനും പണം ചിലവാക്കേണ്ടിവരുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ബഹ്റൈൻ പ്രവാസിയും കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശിയുമായ മുഹമ്മദ് റിയാസിന്റെ മകൻ ഷഹാൻ അബ്ദുല്ലയ്ക്ക് ഒന്ന് ശ്വസിക്കണമെങ്കിൽ പോലും ചിലവാക്കണം വൻ തുക.
ശ്വാസകോശത്തിലേക്കുള്ള ഒരു വാൽവ് ചുരുങ്ങിപ്പോകുന്ന കൺജസ്റ്റ്സിനറ്റിക് ഡിസീസ് എന്ന അസുഖമാണ് ഈ എട്ടുവയസുകാരന് പിടിപെട്ടത്.അതോടനുബന്ധിച്ചു ഉണ്ടായ അനുബന്ധ രോഗങ്ങളും ഈ കുട്ടിയെ കിടപ്പിലാക്കിയിരിക്കുകയാണ്. ഓക്സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ ഒന്ന് അനങ്ങാൻ പോലുമാകാത്ത ഈ കുരുന്ന് കഴിഞ്ഞ എട്ടുവർഷമായി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബഹ്റൈനിലെ ഒരു ശീഷാ കടയിൽ ചെറിയ വരുമാനമുള്ള ജോലി മാത്രമുള്ള പിതാവ് മുഹമ്മദ് റിയാസിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഷഹാന്റെ ചികിത്സാ ചിലവ്. സ്വന്തം മകന്റെ ജീവൻ നിലനിർത്താൻ ലോൺ എടുത്തതിന്റെ പേരിൽ ആകെയുള്ള കിടപ്പാടവും ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. ഷഹാനെ കൂടാതെ ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു മകളും ഒന്നര വയസ്സായ മകനും കൂടി ഇവർക്കുണ്ട്. അടുത്തുള്ള ആശുപത്രികളിലൊന്നും ഓക്സിജൻ സിലിണ്ടർ പോലും ലഭ്യമല്ലാത്ത അവസ്ഥയിൽ 35 കിലോമീറ്റർ ദൂരെയുള്ള കാഞ്ഞങ്ങാട് നഗരത്തിൽ ഓട്ടോറിക്ഷയിൽ കൊണ്ടുവന്നായിരുന്നു ഷഹാന്റെ ജീവൻ ഇതുവരെ നിലനിർത്തിയത്. ഇതിനുള്ള സാന്പത്തികം പോലും ഇല്ലാതായതോടെ ഓക്സിജൻ കൊടുക്കുന്നത് ഇടയ്ക്കു മാത്രമായി ചുരുക്കിയിരുന്നു. അപ്പോഴേക്കും ശരീരത്തിൽ നിറവ്യത്യാസം ഉണ്ടാവുകയും സംസാരിക്കാൻ നന്നേ ബുദ്ധിമുട്ടുന്ന അവസ്ഥയിലുമായി. 9 ലക്ഷം രൂപ ലോണെടുത്ത് ഉണ്ടാക്കിയ വീട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. ഏഴര ലക്ഷം അടച്ചാൽ ജപ്തി ഭീഷണി ഒഴിവായി വീട് സ്വന്തമാക്കാം. എന്നാൽ ചികിത്സാ ചിലവും ദൈനംദിന ജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ ഇപ്പോൾ അതേപ്പറ്റിയൊന്നും ആലോചിക്കാൻ തന്നെ മുഹമ്മദ് റിയാസിന് കഴിയില്ല. വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മേജർ ശസ്ത്രക്രിയ നടത്തിയാൽ ഷഹാന്റെ ജീവൻ രക്ഷിക്കാനാകും. പക്ഷെ അതെങ്ങനെ എന്നുള്ള ചിന്ത റിയാസിനെ വല്ലാതെ അലട്ടുന്നു.

