മൃതദേഹം വൈകുന്നതിന്റെ ആശങ്കയിൽ തിലകന്റെ കുടുംബം
മനാമ: രണ്ടാഴ്ച മുന്പ് മരിച്ച നിലയിൽ കണ്ടെത്തിയ ബഹ്റൈനിലെ ഫുട്ബോൾ കോച്ചായിരുന്ന കണ്ണൂർ സ്വദേശി തിലകന്റെ മൃതദേഹം ഇനിയും നാട്ടിലേയ്ക്ക് എത്താത്തതിന്റെ ആശങ്കയിലാണ് അദ്ദേഹത്തിന്റെ കുടുംബം. ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും ഇനിയെങ്കിലും പിതാവിന്റെ ഭൗതിക ശരീരം എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നാണ് അദ്ദേഹത്തിന്റെ മകൻ വൈശാഖ് ബഹ്റൈനിലെ മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടത്. നാല് ദിവസം മുന്പ് ബഹ്റൈനിലെ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ തിലകന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. ബഹ്റൈന്റെ നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടി പൂർത്തിയായാൽ എത്രയും പെട്ടെന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. തൊഴിലുടമ എന്ന നിലയിൽ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇന്ത്യൻ എംബസിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും നിയമനടപടികൾ പൂർത്തിയായാൽ എത്രയും പെട്ടെന്ന് തന്നെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അഡ്വ. ലതീഷ് ഭരതൻ ഫോർ പിഎം ന്യൂസിനോട് പറഞ്ഞു.

