പാക് ഷെല്ലാക്രമണം : കശ്മീരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ : കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിൽ നടന്ന ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടെ തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രാജ്യരക്ഷയ്ക്കായി വേണ്ടിവന്നാൽ സൈന്യം അതിർത്തി കടക്കാനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി ഒരു ദിവസം പിന്നിടുന്പോഴാണ് പാക് സേനയുടെ പ്രകോപനമുണ്ടായിരിക്കുന്നത്.
പൂഞ്ചിലെ ബൽക്കോട്ട സെക്ടറിലാണ് ആക്രമണമുണ്ടായതെന്ന് ജമ്മു കശ്മീർ പൊലീസ് ഡി.ജി.പി എസ്.പി വാജിദ് അറിയിച്ചു. മൂന്ന് കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ചൗധരി മുഹമ്മദ് റംസാൻ എന്ന ഗ്രാമീണനും കുടുംബവുമാണ് മരിച്ചത്. പരിക്കേറ്റ ഇയാളുടെ രണ്ട് പെൺമക്കളെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച ബാലകോട്ട് മേഖലയിലെ ധർതി ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ ഒരു സൈനികന് പരുക്കേറ്റിരുന്നു. അടിയന്തര സഹായമെത്തിക്കുന്നതിനായി മേഖലയിലേക്കു ഹെലികോപ്റ്റകളടക്കം എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി പാകിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. കഴിഞ്ഞ ജനുവരിയിൽ പാകിസ്ഥാൻ 209 വെടിനിർത്തൽ കരാർ ലംഘനവും ഫെബ്രുവരിയിൽ 142 കരാർ ലംഘനവും നടത്തിയെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചിരുന്നു.

