ജനറ്റിക് കോൺഫറൻസ് ആരംഭിച്ചു
മനാമ : അറബ് മേഖലയിലെ ‘ഹ്യൂമൻ ജെനറ്റിക്സ്, എപ്പിജനിറ്റിക്സ്, പേഴ്സണൈസ്ഡ് ജെനോമിക്സ്’ എന്നിവയുടെ ആദ്യ കോൺഫറൻസ് ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. അറേബ്യൻ ഗൾഫ് സർവ്വകലാശാലയിലെ ഫെഡറേഷൻ ഓഫ് അറബ് സയന്റിഫിക് റിസേർച്ച് കൗൺസിലിന്റെ സഹകരണത്തോടെ, പ്രിൻസസ് അൽ−ജൗഹ്ര അൽ ഇബ്രാഹിം സെന്റർ ഫോർ മോളിക്യുലർ മെഡിസിൻ ആൻഡ് ഇൻഹെറേറ്റഡ് ഡിസോർഡേഴ്സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
എജിയു പ്രസിഡണ്ട് ഡോ. ഖാലിദ് അബ്ദുൾ റഹ്മാൻ അൽ ഒഹാലി, നയതന്ത്രജ്ഞർ, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ബഹ്‌റൈനി സമൂഹം അഭിമുഖീകരിക്കുന്ന ജനിതക രോഗങ്ങളെ ഗൗരവമായി കൈകാര്യം ചെയ്യുക എന്നതാണ് കോൺഫറൻസ് ലക്ഷ്യമിടുന്നത്.
ജനിതകശാസ്ത്രം, എപ്പിജനറ്റിക്സ്, വ്യക്തിഗത ജിയോമിക്സ് തുടങ്ങിയ മേഖലകളിലെ ശാസ്ത്രീയ പരീക്ഷണങ്ങളെ രാജ്യം പിന്തുണയ്ക്കുന്നുണ്ടെന്നും ഓരോ സമൂഹത്തിന്റെയും ജനിതക−പാരിസ്ഥിതിക സവിശേഷതകൾ മനസിലാക്കുന്നതിന് പ്രാധാന്യം നൽകിവരുന്നതായും ഡോ. ഖാലിദ് അബ്ദുൾ റഹ്മാൻ അൽ ഒഹാലി പറഞ്ഞു. ബഹ്‌റൈൻ എക്കണോമിക് വിഷൻ 2030ൽ ഹെൽത്ത് വെൽഫെയർ മേഖലക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. അമേരിക്ക, ന്യൂസിലന്റ്, കാനഡ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള 150 വിദഗ്ധർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുടെ ജീനുകളും ഭക്ഷണവും തമ്മിലുള്ള ബന്ധവും സമ്മേളനം ചർച്ചചെയ്യും.

