മലർവാടി ബാലോത്സവം സംഘടിപ്പിക്കുന്നു
മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ചിൽഡ്രൻസ് വിഭാഗമായ ‘മലർവാടി ബാലസംഘം’ കുരുന്നുകൾക്കായി ബാലോത്‍സവം സംഘടിപ്പിക്കുന്നു. സ്കൂൾ അവധി ഉപയോഗപ്പെടുത്തി കുട്ടികളുടെ വിവിധ തരം കഴിവുകളെ വളർത്തിക്കൊണ്ടുവരാനുദ്ദേശിച്ച് ‘ഒരുമിക്കാം ഒത്ത് കളിക്കാം’ എന്ന തലക്കെട്ടിൽ മനാമ, മുഹറഖ്, റിഫ എന്നീ ഏരിയകളിലാണ് വിപുലമായ ബാലോത്‍സവം ഒരുക്കുന്നത്.
ഈ മാസം 23ന് (വെള്ളിയാഴ്ച) മൂന്ന് മണി മുതൽ ആറ് മണി വരെ നടക്കുന്ന പരിപാടിയിൽ കുട്ടികൾക്കായി വിജ്ഞാനപ്രദവും ആകർഷണീയവുമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മനാമ ഏരിയ ബാലോത്‍സവം സിഞ്ചിലെ ഫ്രണ്ട്സ് ആസ്ഥാനത്തും മുഹറഖ് ഏരിയയിലേത് മുഹറഖ് അൽ ഇസ്ലാഹ് ഗ്രൗണ്ടിലും റിഫയിലേത് വെസ്റ്റ് റിഫ ദിശ സെന്‍ററിലുമാണ് നടക്കുന്നത്.
പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചുളള വീഡിയോ പ്രദർശനം, മെമ്മറി ടെസ്റ്റ്, ധാന്യം തരം തിരിക്കൽ, ബിസ്കറ്റ് ഈറ്റിംഗ്, പിന്നോട്ടു നടത്തം, ഗിഫ്റ്റ് പാസിങ് തുടങ്ങി ഒന്പതോളം മത്സരങ്ങളിൽ കുരുന്നുകൾ മാറ്റുരക്കും. അഞ്ച് മുതൽ 12 വയസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഇതിൽ പങ്കെടുക്കാൻ സാധിക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്നും സംഘാടകർ അറിയിച്ചു.

