ഉയർന്ന നിലവാരമുള്ള പൊതുസേവനങ്ങൾ ഉറപ്പാക്കണമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി
മനാമ: രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലെയും ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദ്ദേശിച്ചു. അൽ നയിം മേഖല സന്ദർശിക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്മാരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, അവ ക്യാബിനറ്റ് സെഷനിൽ സമർപ്പിക്കണമെന്ന് പ്രധാനമന്ത്രി തൊഴിൽ, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രി ഇസ്സാം ഖലാഫിനോട് പറഞ്ഞു.
അൽ നയിം മേഖലയിലെ പൗരന്മാർക്കായി ഒരു മോഡൽ യൂത്ത് സെന്റർ സ്ഥാപിക്കാൻ മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം അൽ നയിമിലെ മോഡൽ യൂത്ത് സെന്റർ നിർമ്മിക്കുന്നതിനുള്ള നിർദ്ദിഷ്ട സൈറ്റ് പരിശോധിക്കാനായി എത്തിച്ചേർന്നത്. സന്ദർശനത്തിനിടയിൽ, കെട്ടിടനിർമ്മാണത്തിൽ ഉയർന്ന നിലവാരവും കാര്യക്ഷമതയും കൈവരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി വ്യക്തമാക്കി.

