നഗരസഭാ സേവനങ്ങൾ സ്വകാര്യവൽക്കരിക്കാൻ തീരുമാനം
മനാമ: ജീവനക്കാരുടെ കുറവ് മൂലം നഗരസഭാ സേവനങ്ങൾ സ്വകാര്യവൽക്കരിക്കാൻ നിർദ്ദേശം. ക്യാപിറ്റൽ ട്രസ്റ്റീ അതോറിറ്റി ടെക്നിക്കൽ സർവ്വീസ് ഡയറക്ടർ ഷുവാക്കിയ ഹുമൈതാൻ കഴിഞ്ഞ ദിവസം നടന്ന വാരാന്ത്യ മീറ്റിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഗരസഭയുടെ കർശ്ശനമായ മേൽനോട്ടത്തിൽ വിദഗ്ദ്ധരായ സ്വകാര്യ കന്പനികളെ പല സേവനങ്ങളും ഏൽപ്പിക്കാനാണ് തീരുമാനം. സ്റ്റാഫംഗങ്ങളുടെ കുറവ് മൂലം പല സേവനങ്ങളും തടസ്സപ്പെടുന്നതിനാലാണ് ഇത്തരത്തിലുള്ള തീരുമാനം കൈകൊള്ളുന്നത്. സ്വകാര്യ കന്പനികൾക്ക് സേവനങ്ങൾ ഏൽപ്പിക്കുന്നത് മൂലം ഗവൺമെന്റിന് ഉണ്ടാകുന്ന പല അമിത ചിലവുകളും കുറയ്ക്കാൻ സാധിക്കുമെന്നും ബോർഡ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ലൈസൻസ് ഇല്ലാതെയും, നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന പല സ്വകാര്യ കന്പനികൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ബോർഡ് അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭ സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് വളരെ നല്ല ആശയമാണെന്ന് ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് ചെയർമാൻ മുഹമ്മദ് അൽ ഖ്വാസി പറഞ്ഞു.

