'ലെറ്റ്സ് ഗോ ഫോർ എ വോക്' ഇന്ന് വൈകീട്ട് 4 മണി മുതൽ
മനാമ: ഫോർ പിഎം ന്യൂസ്, ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക സംഘടനയായ ബ്ലഡ് ഡോണേഴ്സ് കേരളാ ബഹ്റൈൻ ചാപ്റ്ററിന്റെയും, ആസ്റ്റർ മെഡിക്കൽ സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ലെറ്റ്സ് ഗോ ഫോർ എ വോക്’ എന്ന ആരോഗ്യ ബോധവത്കരണ പരിപാടി ഇന്ന് വൈകീട്ട് 4 മണി മുതൽ ആൻഡലസ് ഗാർഡനിൽ വെച്ച് നടക്കും. ആസ്റ്റർ മെഡിക്കൽ സെന്ററിലെ ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിൽ പരിപാടിക്കായി എത്തുന്നവരുടെ പ്രമേഹ, രക്തസമ്മർദ്ദ നിർണ്ണയ ക്യാന്പാണ് ആദ്യം നടക്കുക. ഇതിന് ശേഷം ഡോ. ബാബു രാമചന്ദ്രൻ (അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ), ഡോ. കിരൺ (ആസ്റ്റർ മെഡിക്കൽ സെന്റർ) എന്നിവർ വ്യായാമത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കും. തുടർന്ന് പ്രമുഖ കരാട്ടെ പരിശീലകൻ അബ്ദുല്ല അഹമ്മദിന്റെ ശിക്ഷണത്തിൽ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കരാട്ടെ പ്രദർശനം ഉണ്ടാകും. അഞ്ചര മണിയോടെ ആൻഡലസ് ഗാർഡനിലെ നടപ്പാതയിലൂടെയുള്ള 5 കിലോമീറ്റർ നടത്തം (10 റൗണ്ട്) ആരംഭിക്കും. യാക്കൂബി ഇന്റർനാഷണൽ, ഓൺലൈൻ മണി ട്രാൻസ്ഫർ സൗകര്യമൊരുക്കുന്ന റെമിറ്റ് നൗ എന്നിവരും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
പ്രവാസികളുടെ ജീവിത സാഹചര്യങ്ങളും ഭക്ഷണശീലവും പലപ്പോഴും അവരെ അനാരോഗ്യത്തിലേയ്ക്ക് നയിക്കപ്പെടുന്നതിന്റെ തെളിവുകളാണ് അടുത്ത കാലത്തുണ്ടായ പല മരണങ്ങളും. സ്മാർട് ഫോണും, ഇന്റർനെറ്റും ഒഴിവു സമയം സന്പൂർണ്ണമായി കവർന്നെടുക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ വലിയയൊരു വിഭാഗം നമ്മുടെ ആരോഗ്യത്തിനുവേണ്ടിയുള്ള ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ നിരവധി ജീവനുകളാണ് ഹൃദയാഘാതത്തിന്റെ രൂപത്തിലും വൃക്ക സംബന്ധമായ അസുഖത്തിന്റെ രൂപത്തിലും പൊലിഞ്ഞത്. ഈ സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് ‘ലെറ്റ്സ് ഗോ ഫോർ എ വോക്’ എന്ന ആശയത്തിന് രൂപം കൊടുത്തിരിക്കുന്നത്. ആരോഗ്യകരമായ നല്ലൊരു നാളേയ്ക്ക് വേണ്ടി നമ്മുടെ കുടുംബത്തിന് വേണ്ടി നമ്മുടെ തലമുറക്കുവേണ്ടി അൽപ്പസമയം നമ്മൾക്ക് മാറ്റി വെച്ചുകൊണ്ടു വ്യായാമം ഒരു ശീലമാക്കുക എന്ന സന്ദേശം പരസ്പരം പകരാനും, സൗഹൃദങ്ങൾ പങ്കിടാനും ആഗ്രഹിക്കുന്നവർ ഇന്ന് വൈകീട്ട് നാല് മണിക്ക് തന്നെ ആൻഡലസ് ഗാർഡനിൽ എത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36458398, 66375151, 38382100 എന്ന നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

