സമാജത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പ്: പ്രോഗ്രസീവ് പാനൽ


മനാമ: ബഹ്റൈൻ കേരളീയ സമാജം പ്രവർത്തനങ്ങളുടെ ഭാവിയെന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നതാണ് ആസന്നമായ സമാജം തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും, സമാജം അംഗങ്ങളുടെ ജനാധിപത്യപരവും ഭരണരംഗത്തെ സുതാര്യതയും ഉറപ്പ് നൽകികൊണ്ടാണ് പ്രോഗ്രസീവ് പാനൽ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പ്രോഗ്രസീവ് പാനൽ ചെയർമാൻ കെ. ജനാർദ്ദനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ബഹ്റൈൻ കേരളീയ സമാജത്തിലെ 1650ൽ പരം വരുന്ന അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും എല്ലാവിധ ജാതിമത രാഷ്ട്രീയ പരിഗണനകൾക്കും അതീതമായി കാണാനും അവർക്കിടയിൽ സൗഹൃദവും, സ്നേഹവും, ഐക്യവും വളർത്തുന്നതിനും, അവരുടെ ക്ഷേമത്തിന് ഊന്നൽ നൽകുന്ന സമീപനമായിരിക്കും പ്രോഗ്രസീവ് പാനൽ സ്വീകരിക്കുക. നിലവിലുള്ള ഭരണ സമിതിയുടെ സ്വേച്ഛാധിപത്യത്തിനും, അധികാരത്തോടുള്ള ആർത്തിപൂണ്ട സമീപനത്തിനെതിരെയും ഒരു ഭരണമാറ്റം സമാജത്തിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ഇപ്പോൾ ആഗ്രഹിക്കുന്നു. സമാജത്തിന് കെട്ടിടം പണിയാൻ വേണ്ടി ഒരുങ്ങിയപ്പോൾ അതിനെതിരെ കേസ് നൽകിയവരും ഇടങ്കോലിട്ടവരും യുണൈറ്റഡ് പാനലിൽ തന്നെയാണുള്ളതെന്നും, സമാജം കെട്ടിടം പണിയാൻ തീരുമാനിച്ചപ്പോൾ ട്രഷററായി പ്രവർത്തിച്ചിട്ടുള്ള ആളാണ് താനെന്നും ഇപ്പോഴത്തെ കെട്ടിടം പണിയുന്നതിനാവശ്യമായ ബാങ്ക് അക്കൗണ്ട് തുറന്നവരും, സ്ഥലം വാങ്ങി കരാറൊപ്പിട്ടവരും, തറക്കല്ലിട്ടവരും എല്ലാം പ്രോഗ്രസീവ് പാനലിനൊപ്പമുണ്ടെന്നും കെ. ജനാർദനൻ പറഞ്‍ഞു. മലയാളിയല്ലാത്ത ഇന്ത്യൻ അംബാസിഡറടക്കം, അംഗങ്ങളും അല്ലാത്തവരുമായ നൂറ്കണക്കിന് ആളുകളുടെ പ്രവർത്തനഫലമാണ് സമാജം കെട്ടിടം. കെട്ടിട നിർമ്മാണ കമ്മറ്റിയുടെ ചെയർമാൻ മാറിയ സമയത്ത് പകരം ചെയർമാനായ വ്യക്തി ഈ നേട്ടത്തിനെ തന്റേത് മാത്രമാക്കി മാറ്റുവാൻ ശ്രമിക്കുന്നത് ഇതിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച വ്യക്തികളോടുള്ള അവഹേളനമാണ്്. 

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ എന്നും പിന്തുണ നൽകുന്ന തങ്ങളെ ഓൺലൈൻ മീഡിയ വഴിയും വാർത്താ സമ്മേളനം വിളിച്ചും ഇല്ലാത്ത ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുന്നവർ സ്വന്തം നില മറന്ന് പ്രവർത്തിക്കുകയാണ്. ഇത് കണക്കിലെടുത്ത് ഈ വരുന്ന തിരഞ്ഞെടുപ്പിൽ സങ്കുചിത കച്ചവട താൽപ്പര്യക്കാരെ ഒഴിവാക്കി, ജാതിമത ഭേദമന്യേ എല്ലാ അംഗങ്ങളെയും സമഭാവനയോടെ കാണുവാൻ കഴിയുന്ന പ്രോഗ്രസീവ് പാനലിന്റെ സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മുഴുവൻ സമാജം അംഗങ്ങളോടും അഭ്യർത്ഥിക്കുന്നതായും വാർത്തസമ്മേളനത്തിൽ പാനൽ ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed