കർമ്മ പദ്ധതികളും മുൻകാല പ്രവർത്തനങ്ങളും വിലയിരുത്തണമെന്ന് യുണൈറ്റഡ് പാനൽ
മനാമ: ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ മുന്നോട്ട് വെയ്ക്കുന്ന പദ്ധതികളും, മുൻകാലങ്ങളിലെ പ്രവർത്തനങ്ങളും വിലയിരുത്തി സമ്മതിദാന അവകാശം രേഖപ്പെടുത്തണമെന്ന് യുണൈറ്റഡ് പാനൽ സ്ഥാനാർത്ഥികളായ എം.പി രഘു, പി.വി രാധാകൃഷ്ണ പിള്ള എന്നിവർ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. തങ്ങളുടെ എതിരാളികളായവർ യാതൊരു കർമ്മ പദ്ധതിയും മുന്നോട്ട് വെയ്ക്കുവാൻ ഇല്ലാതെ ഇരുട്ടിൽ തപ്പുകയാണ്. മുൻകാലങ്ങളിലും കഴിഞ്ഞ വർഷവും പ്രകടനപത്രികയിൽ സൂചിപ്പിച്ച എല്ലാ കാര്യങ്ങളും ഫലപ്രദമായി നടപ്പിലാക്കുവാൻ യുണൈറ്റഡ് പാനൽ ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. യുണൈറ്റഡ് പാനൽ കഴിഞ്ഞ വർഷം മുന്നോട്ട് വെച്ച പ്രധാന പദ്ധതികളിൽ ഒന്ന് കണ്ണോടിച്ചാൽ ഭവന പദ്ധതി, വിദ്യാഭ്യാസ സഹായ പദ്ധതി, സപ്തതി ആഘോഷം, വിശ്വ പ്രസിദ്ധരുടെ പ്രഭാഷണ പരന്പര, പുസ്തകോത്സവം, വോളിബാൾ ടൂർണ്ണമെന്റ്, അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണ്ണമെന്റ്, ലൈബ്രറി വികസനം തുടങ്ങിയവക്കായിരുന്നു അതിൽ പ്രാമുഖ്യം. അവ എല്ലാം നിശ്ചിത കാലയളവിൽ തന്നെ നടപ്പിലാക്കുവാൻ കഴിഞ്ഞു.
ഈ വർഷം രണ്ട് പാനലുകളും മുന്നോട്ടു വെച്ച പ്രകടന പത്രികയും പദ്ധതികളും ഒരു താരതമ്യ പഠനം നടത്തണമെന്നും, വാചക കസർത്ത് കൊണ്ട് വാക്കുകൾ തിരിച്ചും മറിച്ചും ഇട്ട് ഒരു തട്ടിക്കൂട്ട് പ്രകടന പത്രികയാണ് പ്രോഗ്രസ് എന്ന് പറയുന്നവർ ഇറക്കിയിരിക്കുന്നതെന്നും യുണൈറ്റഡ് പാനൽ ആരോപിക്കുന്നു. പത്ര സമ്മേളനത്തിൽ പോലും അടിസ്ഥനപരമായ ഒരു കർമ്മ പദ്ധതി ഉയർത്തി കാട്ടുവാൻ മറുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. മറിച്ച് ഇല്ലാത്ത ആരോപണ പെരുമഴ തന്നെ സൃഷ്ടിക്കുകയും ചെയ്തു. യുണൈറ്റഡ് പാനൽ ഇറക്കിയ പ്രകടന പത്രിക വായിച്ചാൽ നിശ്ചയ ദാർഢ്യമുള്ള ഒരു നേതൃത്വത്തിന്റെ കർമ്മധീരത അതിൽ കാണുവാൻ കഴിയും.
കഴിഞ്ഞ വർഷങ്ങളുടെ തുടർച്ച ഒരു ഭാഗത്തും, പുതിയവയുടെ അവതരണം മറുഭാഗത്തും ഇതിൽ നൽകിയിട്ടുണ്ട്. രണ്ട് പ്രകടന പത്രികകളും ബഹുമാന്യ അംഗങ്ങൾ വിലയിരുത്തി, രണ്ട് ഭാഗത്തെയും സ്ഥാനാർത്ഥികളുടെ കഴിവും പരിചയവും, പൊതു സ്വകാര്യ ജീവിതങ്ങളിൽ ഉയർത്തിപ്പിടിക്കുന്ന ആശയ ദൃഢതയും തിരിച്ചറിഞ്ഞ് സമ്മതി ദാന അവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നവെന്നും പാനൽ ഭാരവാഹികൾ വാർത്തക്കുറിപ്പിലൂെട അറിയിച്ചു.

