ആർട്ട് ബാബിന് തുടക്കമായി
മനാമ: രാജ്യത്തെ മുൻനിര അന്താരാഷ്ട്ര കലാപ്രദർശനമായ ആർട്ട് ബഹ്റൈൻ എക്രോസ് ബോർഡേഴ്സിന്റെ (ആർട്ട് ബാബ് 2018) മൂന്നാം എഡിഷൻ ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്നലെ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു.
വനിതാ സുപ്രീം കൗൺസിൽ പ്രസിഡണ്ട് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ മേൽ നോട്ടത്തിൽ നടക്കുന്ന എക്സിബിഷൻ ഇന്ന് മുതൽ ഈ മാസം 18 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. ഇത്തവണ ആർട്ട് ബാബിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ 15 ആർട്ട് ഗ്യാലറികളും, 11 രാജ്യങ്ങളിൽ നിന്നുള്ള 13 സ്വതന്ത്ര കലാകാരന്മാരും പങ്കാളികളാകും. ഇത്തവണ 35 ബഹ്റൈനി കലാകാരന്മാരുടെ നൂറിലേറെ കലാ സൃഷ്ടികൾ സ്പോൺസേർഡ് പവലിയനുകളിൽ പ്രദർശിപ്പിക്കും.
മേളയിൽ പങ്കെടുക്കവെ പ്രിൻസ് സൽമാൻ, ഹമദ് രാജാവിന്റെ നേതൃത്വത്തിൽ കലകളിലും സാംസ്കാരിക മേഖലയിലും ഉണ്ടായ വിപുലമായ വികസനത്തെപ്പറ്റിയും രാജ്യത്തിന്റെ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലുമുള്ള കലയുടെ പ്രധാന പങ്കിനെപ്പറ്റിയും എടുത്തുപറയുകയുണ്ടായി. ആർട്ട് ബാബിന് തുടർച്ചയായി നൽകുന്ന പിന്തുണയ്ക്ക് പ്രിൻസസ് സബീക്കയെ പ്രിൻസ് സൽമാൻ പ്രശംസിക്കുകയും പ്രദർശനത്തിന്റെ സംഘാടകരെ അവരുടെ കഠിനാധ്വാനത്തിന് അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
പരിപാടിയുടെ പ്രതികരണം അതിശയിപ്പിക്കുന്നതാണെന്നും, 40 ശതമാനം പങ്കാളിത്തത്തിൽ വളർന്ന ഈ പരിപാടിയിൽ പ്രദർശകരുടേയും സന്ദർശകരുടേയും പ്രതികരണം വലിയ പ്രഭാവമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആർട്ട്ബാബ് ഫെയർ ആന്റ് പ്രോഗ്രാം ഡയറക്ടർ കനേകാ സബ്ബർവാൾ പറഞ്ഞു.

