സൈബർ സുരക്ഷയും സൈബർ ഭീഷണിയും; ബോധവൽക്കരണ റോഡ്ഷോകൾ ആരംഭിക്കുന്നു
മനാമ : കാസ്‌പെരസ്‌കി ലാബും ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയും(ടിആർഎ) ചേർന്ന് സൈബർ സുരക്ഷ, സൈബർ ഭീഷണി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന് റോഡ്ഷോകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
ബഹ്റൈനിലെ സ്കൂളുകളിൽ റോഡ്ഷോകൾ നടക്കും. ഇന്റർനെറ്റിൽ കുട്ടികൾക്കായി കാത്തിരിക്കുന്ന ഭീഷണികളെ കുറിച്ച് ബോധവൽക്കരണം നടത്തുക, അവയോട് പ്രതികരിക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൈബർ ഭീഷണി, വ്യക്തിഗത വിവരങ്ങളുടെ അനിയന്ത്രിതമായ വെളിപ്പെടുത്തൽ, ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട പൊതുവായ ചട്ടങ്ങൾ എന്നീ പ്രധാന വിഷയങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിറ്റി നടത്തിയ സർവ്വേ പ്രകാരം ബഹ്റൈനിൽ 38 ശതമാനം യുവാക്കളും സൈബർ ഭീഷണി നേരിടുന്നുണ്ട്. ചെറുപ്പക്കാരാണ് ഏറ്റവും വലിയ സൈബർ ഭീഷണികൾ നേരിടുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. അപരിചിതരുമായുള്ള ഓൺലൈൻ ബന്ധങ്ങൾ വളരെ അപകടമേറിയതാണ്, അത്തരം ബന്ധങ്ങളുടെ ശതമാനം രാജ്യത്ത് ഗണ്യമായി കുറഞ്ഞു, ഇത് ഇപ്പോൾ 16 ശതമാനത്തിൽ എത്തിയിരിക്കുന്നു.
ഓൺലൈൻ ലോകത്തിലെ സുരക്ഷയെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് ഇതിലും പ്രധാനപ്പെട്ട സമയം വേറെ ഉണ്ടായിട്ടില്ല എന്ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, ഉപഭോക്തൃ കാര്യ വികസനവകുപ്പിലെ മുതിർന്ന ഉപദേഷ്ടാവ് ഷെയ്ഖ് അബ്ദുള്ള ബിൻ ഹുമൂദ് അൽ ഖലീഫ പറഞ്ഞു. മാർച്ച് 13 വരെ റോഡ്ഷോ തുടരും, 7 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

