വാറ്റിന്റെ ‘വല’യെ എങ്ങിനെ അതിജീവിക്കുമെന്ന ആശങ്കയിൽ ബഹ്റൈൻ പ്രവാസികൾ
മനാമ : ബഹ്റൈനിൽ സമീപ കാലത്ത് തന്നെ വാറ്റ് നടപ്പിലാക്കുമെന്നുള്ള കാര്യം ഏകദേശം ഉറപ്പായതോടെ ഇതുമൂലം വർദ്ധിക്കുന്ന ജീവിതചിലവുകൾ എങ്ങിനെ നിയന്ത്രിക്കുമെന്ന ആശങ്കയിലാണ് ബഹ്റൈൻ പ്രവാസികൾ. ഇതുവരെ ഇല്ലാതിരുന്ന ഈ നികുതി സന്പ്രദായം നടപ്പിലാകുന്പോള്‍ ഏറ്റവുമധികം ബാധിക്കുന്നത് ഇടത്തരക്കാരായ പ്രവാസികളെയായിരിക്കുമെന്നാണ് നിഗമനം. നിലവിലെ സാന്പത്തിക പ്രതിസന്ധികള്‍ മൂലം രണ്ടറ്റവും കൂട്ടികുട്ടിക്കാൻ പെടാപാട് പെടുന്ന ഈ വിഭാഗത്തിന് വാറ്റും കൂടി നടപ്പിലായാൽ എങ്ങനെ പിടിച്ചു നില്ക്കാൻ കഴിയുമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇപ്പോൾ തന്നെ പല പ്രവാസികളും കുടുംബത്തെ നാട്ടിലേക്കയച്ചും പുതിയ മേഖലകളിൽ ജോലി സാധ്യതകൾ അന്വേഷിച്ചും ജീവിത ചിലവുകൾ കുറയ്ക്കാനുള്ള നെട്ടോട്ടത്തിലാണ്.വാറ്റിന്റെ വരവോടെ ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ എണ്ണം ഇനിയും കൂടും.
ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയും യു.എ.ഇ.യുമാണ് ജനുവരി മുതൽ വാറ്റ് നടപ്പാക്കിത്തുടങ്ങിയത്. എണ്ണ വരുമാനത്തെ പൂർണ്ണമായും ആശ്രയിക്കാതെ സർക്കാരിന്റെ പദ്ധതികൾക്കുള്ള ഫണ്ട് കണ്ടെത്താനാണ് പുതിയ നികുതി സന്പ്രദായം ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കാൻ തീരുമാനിച്ചത്. 2016 നവംബറിൽ ഉണ്ടാക്കിയ കോമൺ വാറ്റ് കരാർ അനുസരിച്ച് 2019 ജനുവരിക്കുള്ളിലായി ജി.സി.സി അംഗ രാജ്യങ്ങളിൽ വാറ്റ് നടപ്പിലാക്കേണ്ടതുണ്ട്. ണ്ട് വർഷം മുൻപ് തന്നെ ഗൾഫ് സഹകരണ കൗൺസിൽ വാറ്റ് നടപ്പിലാക്കേണ്ടുന്നതിനെപ്പറ്റി ധാരണയിൽ എത്തിയിരുന്നതാണ്.എന്നാൽ ജൂണിൽ ഖത്തറിനെതിരെ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ഉപരോധം കൊണ്ടുവന്നതോടെ ജി.സി.സി ഐക്യത്തിൽ വിള്ളൽ വീഴുകയും വാറ്റ് നടപ്പിലാക്കുന്നത് നീട്ടി വെയ്ക്കുകയുമായിരുന്നു. യു.എ.ഇ വാറ്റുമായി മുന്നോട്ട് നീങ്ങിയപ്പോൾ ഖത്തർ ഇതേപ്പറ്റി മൗനം പാലിക്കുകയും ചെയ്തു. യു.എ.ഇ ക്ക് പിറകെ സൗദിയും തൊട്ട് പിറകെ ബഹ്റൈനും വാറ്റ് നടപ്പിലാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്.അതേസമയം ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് മൂല്യവർദ്ധിത നികുതി നടപ്പാക്കുന്നതിന് 18 മാസങ്ങൾ ആവശ്യമായിവരുമെന്നും വാറ്റ് നിലവിൽ വരുന്നതോടെ എണ്ണ വില ഇടിഞ്ഞത് മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധി രാജ്യം മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര നാണയനിധി അഭിപ്രായപ്പെട്ടിട്ടുണ്ട്.
വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ നിയമപ്രകാരം വ്യാപാരികൾ ഓരോ തവണ സാധനങ്ങൾ വിൽക്കുന്പോഴും ഉപഭോക്താക്കളിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കേണ്ടതാണ്. ഇങ്ങനെ ഈടാക്കുന്ന നികുതിയിൽ നിന്നും ഉൽപ്പന്നം വാങ്ങുന്പോൾ കൊടുക്കുന്ന നികുതി കുറച്ച് ബാക്കി വരുന്ന നികുതിയെ മൂല്യ വർദ്ധിത നികുതി എന്ന് വിളിക്കുന്നു. സാധാരണക്കാരുടെ നിത്യജീവിതത്തിൽ ആവശ്യമുള്ള നിരവധി വസ്തുക്കൾ വാറ്റ് പരിധിയിൽ ഉൾപ്പെടും. അതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വർദ്ധിക്കും. വാറ്റ് നടപ്പിലാക്കുന്നത് സ്വർണ്ണ വിപണി അടക്കമുള്ള വ്യാപാര മേഖലകളെയും സാരമായി ബാധിക്കും. അതേസമയം സ്കൂളിലെ ട്യൂഷൻ ഫീസ്, താമസ കെട്ടിടങ്ങളുടെ വാടക തുടങ്ങിയവയെ മൂല്യ വർദ്ധിത നികുതിയിൽ നിന്നും ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
സൗദിയിൽ നിതാഖാത് ഏർപ്പെടുത്തിയതോടുകൂടി ഉടലെടുത്ത തൊഴിൽ പ്രതിസന്ധി മറികടക്കാൻ പല സൗദി പ്രവാസികളും ബഹ്റൈനിലേയ്ക്ക് ചേക്കേറിയിരുന്നു. അതോടെ തൊഴിൽരഹിതരായ പ്രവാസികളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ സൗദിയിൽ സ്ത്രീകൾക്കും ഡ്രൈവിങ് ലൈസൻസ് നൽകുന്നതോടെ ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവർ ജോലിയിലും പ്രതിസന്ധിക്ക് സാധ്യതയുണ്ട്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിൽ നിന്നുമുള്ളവരുടെ കടന്നുവരവ് ഇന്ത്യയിൽനിന്നുളള പ്രവാസികൾക്ക് തൊഴിൽ വിപണിയിൽ വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

