താഴ്ന്ന വരുമാനക്കാർക്കായി അമേരിക്കൻ മിഷൻ ക്ലിനിക്ക് തുറന്നു
മനാമ : കുറഞ്ഞ വരുമാനമുള്ളവർക്ക് താങ്ങാവുന്ന നിരക്കിൽ ഉയർന്ന ഗുണനിലവാരമുള്ള വൈദ്യ പരിചരണത്തിനായി അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ (എ.എം.എച്ച്) നവീകരിച്ച ‘സ്വീമർ ക്ലിനിക്ക്’ തുറന്നു. ഷൈഖ് ഹിസാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ, യു.എസ് അംബാസിഡർ ജെയ്സിൻ സിബറെൽ എന്നിവർ ചേർന്നാണ് തലസ്ഥാന നഗരിയിൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. ബോർഡ് അംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉദ്ഘാടനത്തിൽ പങ്കെടുത്തു.
സ്വീമർ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിൽ ഭാഗവാക്കാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ബഹ്‌റൈനെയും അമേരിക്കൻ സമൂഹത്തെയും ശക്തിപ്പെടുത്തുന്നതിൽ വർഷങ്ങളായി എ.എം.എച്ച് വഹിക്കുന്ന പങ്ക് വലുതാണെന്നും സിബറെൽ പറഞ്ഞു. ജനങ്ങൾക്ക് മികച്ച സേവനം നൽകുക എന്നതാണ് സ്ഥാപനം ലക്ഷ്യമിടുന്നതെന്നും ആശുപത്രിക്ക് വർഷങ്ങളായി നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും ബോർഡ് അംഗങ്ങൾക്കും ഗവൺമെന്റിനും രാജകുടുംബത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ താൽപ്പര്യപ്പെടുന്നതായും സിബറെൽ പറഞ്ഞു. എ.എം.എച്ച് ക്ലിനിക്ക് തുറക്കുന്നത്തിൽ വളരെ സന്തോഷമുണ്ടെന്നും ബഹ്‌റൈനിൽ സേവനം നടത്താനുള്ള ക്ലിനിക്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഷൈഖ് ഹിസാം പറഞ്ഞു. ക്ലിനിക്ക് താഴ്ന്ന വരുമാനമുള്ളവർക്കും പാവപ്പട്ടവർക്കും സഹായകമായിരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സാമുവൽ മറിനസ് സ്വീമറിനോടുള്ള ബഹുമാനാർത്ഥം ബഹ്‌റൈനിലെ ജനങ്ങൾക്കായിട്ടാണ് 1926ൽ സ്വീമർ ക്ലിനിക്ക് ആരംഭിച്ചത്. താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് ഉയർന്ന നിലവാരമുള്ള വൈദ്യ പരിചരണം നൽകുക എന്നതായിരുന്നു ലക്ഷ്യമെന്ന് എ.എം.എച്ച് ചീഫ് മെഡിക്കൽ ഓഫിസർ
ജോർജ് ചെറിയാൻ പറഞ്ഞു.
അറേബ്യൻ പര്യടനത്തിനിടെ സാമുവൽ സ്വീമർ എന്ന മിഷനറി ബഹ്‌റൈനിൽ തങ്ങുകയും 1893 ൽ ഓൾഡ് സൂക്കിൽ ഒരു മെഡിക്കൽ ഡിസ്പെൻസറി ആരംഭിക്കുകയും ചെയ്തു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള തന്റെ ആഗ്രഹമാണ് ക്ലിനിക്ക് തുടങ്ങാനുള്ള പ്രചോദനം.

