ഒലിവ് സാംസ്കാരിക വേദിക്ക് പുതിയ സാരഥികൾ


മനാമ: ബഹ്‌റൈൻ കെ.എം.സി.സിയുടെ സാംസ്‌ക്കാരിക വിഭാഗമായ ഒലിവ് സാംസ്‌ക്കാരിക വേദിയുടെ പുതിയ കമ്മറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണം മനാമ കെ.എം.സി.സി ഹാളിൽ നടന്നു. ചെയർമാൻ പി.വി സിദ്ദിഖ്, ജനറൽ കൺവീനർ നൗഫൽ എടയന്നൂർ, ട്രഷറർ അസ്‌ലം വടകര, വൈസ് ചെയർമാൻ ബഷീർ കാക്കുനി, ഇസ്മായിൽ കുറ്റ്യാടി, റാഷിദ് അവിയൂർ, സഹൽ തൊടുപുഴ, ജോയിന്റ് കൺവീനർ അഹമ്മദ് ആവള, അൻസാർ കുരീപ്പുഴ, അൻവർ വടകര, ഖലീൽ ആലംപാടി എന്നിവരെയാണ് പുതിയ ഭരവാഹികളായി തിരഞ്ഞെടുത്തത്. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം സാദിഖലി ഭാരവാഹികൾക്ക് ആശംസ അറിയിച്ചു. വർത്തമാനകാല വെല്ലുവിളികൾക്ക് പരിഹാരങ്ങൾ തേടാൻ സാംസ്‌ക്കാരിക കൂട്ടായ്മകൾക്ക്‌ കഴിയേണ്ടതുണ്ടെന്ന് പി.എം സാദിഖലി അഭിപ്രായപ്പെട്ടു.

സാംസ്‌ക്കാരിക സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ധൈഷണിക മുഖങ്ങളായിരുന്നു മുസ്‌ലിം ലീഗിന്റെ മുൻകാല നേതാക്കൾ. കേരള സാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷ പദവി അലങ്കരിച്ച ബഹുമുഖ പ്രതിഭകളായിരുന്നു സീതി സാഹിബും, സിഎച്ച് മുഹമ്മദ്‌കോയ സാഹിബും. അതാത് കാലങ്ങളിലെ വിഷയങ്ങളെ ശക്തമായി അഭിസംബോധന ചെയ്ത് കൊണ്ടാണ് മഹിതമായ മുന്നേറ്റങ്ങൾക്ക് മുൻകാല നേതാക്കൾ നേതൃത്വം നൽകിയത്. 

 നിരവധി സങ്കീർണമായ പ്രശ്‌നങ്ങളെ നാം ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. ഇതിനുളള പരിഹാരങ്ങൾ തേടേണ്ടതും കണ്ടെത്തേണ്ടതും പുതിയ നയസമീപനങ്ങൾ സ്വീകരിക്കേണ്ടതും നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. ഈ കാര്യത്തിൽ പുനരാലോചനയും പുനർവ്യാഖ്യാനങ്ങളും അനിവാര്യമായി വന്നിരിക്കുകയാണ്. ഒലിവ് സാംസ്‌ക്കാരിക വേദിയെ പോലുള്ള കൂട്ടായ്മകൾക്ക് ഈ ചുമതലകൾ നിർവഹിക്കാൻ കഴിയേണ്ടതുണ്ടെന്ന് പി.എം സാദിഖലി ഓർമിപ്പിച്ചു.  സാംസ്‌ക്കാരിക സാമൂഹിക സാഹിത്യ മണ്ധലങ്ങളിൽ ഒലിവ് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും കൂടുതൽ മികവാർന്നതും ഊർജ്ജസ്വലവുമായ മുന്നേറ്റങ്ങൾ കാഴ്ച്ച വെയ്ക്കാൻ വരും നാളുകളിൽ കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.

കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.‌വി ജലീൽ ഭാരവാഹികളെ പരിചയപ്പെടുത്തി. അസ്‌ലം വടകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഫൽ എടയന്നൂർ സ്വാഗതവും ഇസ്മായിൽ കുറ്റ്യാടി നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഭാരവാഹികളായ പി.വി സിദ്ദിഖ്, ടി.പി മുഹമ്മദാലി എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed