അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിനെ സഹായിച്ചു; ബഹ്റൈൻ കസ്റ്റംസ് ഉദ്യോഗസ്ഥരുൾപ്പടെ പ്രതികളായ കേസിന്റെ വിധി ഒക്ടോബർ 27-ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിന് കൂട്ടുനിന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരും 11 ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ട വൻ ലഹരിമരുന്ന് കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക്. ലഹരി മരുന്ന് കടത്താൻ സഹായിച്ചതിന് 5,000 ബഹ്‌റൈൻ ദീനാർ കൈക്കൂലി വാങ്ങി എന്ന കുറ്റമാണ് ഇരുപത്തിയഞ്ചും മുപ്പത്തിനാലും വയസ്സുള്ള രണ്ട് ബഹ്‌റൈനി കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ ചുമത്തിയിരിക്കുന്നത്. ഒക്ടോബർ 27-ന് കോടതി ഈ കേസിൽ അന്തിമ വിധി പ്രസ്താവിക്കും.

നേരത്തെ മറ്റൊരു കേസിൽ, യാത്രാവിലക്കില്ലാത്ത ഒരു യാത്രക്കാരനെ അനധികൃതമായി പരിശോധിക്കുകയും 350 ബഹ്‌റൈൻ ദീനാർ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഇതേ ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഈ കേസിൽ ജയിലിൽ കഴിയുന്നതിനിടയിലാണ് ലഹരിമരുന്ന് സംഘത്തോടുള്ള ബന്ധത്തിന്റെ പേരിൽ ഇവർ വീണ്ടും വിചാരണ നേരിടുന്നത്.

ഇന്ത്യയിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്ന് രാജ്യത്തേക്ക് കടത്തുകയും വിൽപന നടത്തുകയും ചെയ്യുന്ന സംഘത്തിന്റെ മാസ്റ്റർമൈൻഡ് എന്ന് പോലീസ് വിശേഷിപ്പിക്കുന്ന 36 കാരനായ ഇന്ത്യക്കാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. മുൻപ് ബഹ്‌റൈനിൽ താമസിച്ചിരുന്ന ഇയാൾ നിലവിൽ വിദേശത്തിരുന്നാണ് ഈ അന്താരാഷ്ട്ര ശൃംഖല നിയന്ത്രിക്കുന്നത്. ഇന്ത്യയിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്ത് അതിലൂടെ ലഹരിമരുന്ന് ബഹ്‌റൈനിലേക്ക് കയറ്റി അയക്കുകയും, ലാഭം ക്രിപ്‌റ്റോകറൻസി വഴി ഇന്ത്യയിലേക്ക് കടത്തുകയുമായിരുന്നു ഇവരുടെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ വ്യക്തമാക്കി. പ്രധാന പ്രതിയുടെ സഹായിയായ മറ്റൊരു ഇന്ത്യക്കാരനും മറ്റ് ഏഴ് പേരും ലഹരിമരുന്ന് വിൽപനയുമായും, നാല് പേർ മയക്കുമരുന്ന് ഉപയോഗിച്ചതുമായും ബന്ധപ്പെട്ട് വിചാരണ നേരിടുന്നുണ്ട്. പ്രധാന പ്രതിയും സഹായിയും രാജ്യം വിട്ടതിനാൽ അവർക്കെതിരെ ഇൻ അബ്സെൻഷ്യ (കോടതിയിൽ ഹാജരാകാതെ) വിചാരണയാണ് നടക്കുന്നത്.

കസ്റ്റംസ് പരിശോധനകളിൽ പ്രതികൾക്ക് സുഗമമായി കടന്നുപോകാൻ അവസരമൊരുക്കിയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. ഇവർ കൈക്കൂലിപ്പണം സൗദി റിയാലാക്കി മാറ്റിയ ശേഷം വീണ്ടും ബഹ്‌റൈൻ ദീനാറാക്കി മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ ഒരാൾ തന്റെ പ്രതിമാസ ശമ്പളത്തിന് വിരുദ്ധമായി 12,000 ബഹ്‌റൈൻ ദീനാർ മുടക്കി പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ വാങ്ങിയിട്ടുണ്ടെന്നും ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളിലെ ചാറ്റുകളും കേസിൽ നിർണായക തെളിവുകളായി മാറി.

article-image

adsasdsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed