ബി.കെ.എസ് പുരസ്കാര സമർപ്പണം ഫെബ്രുവരി 22ന്
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്‌കാര സമർപ്പണവും പ്രഥമ ലാറിബേക്കർ പുരസ്‌കാര സമർപ്പണവും ഫെബ്രുവരി 22ന് (വ്യാഴാഴ്ച) സമാജം ഹാളിൽ നടക്കുമെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വീരമണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് അർഹനായത് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പ്രഭാവർമ്മയാണ്. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ബഹ്‌റൈൻ കേരളീയ സമാജം പ്രഥമ ലാറി ബേക്കർ പുരസ്ക്കാരത്തിന് അർഹനായത് ആർക്കിടെക്റ്റ് ജി. ശങ്കറാണ്. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭനാണ് അവാർഡുകൾ സമ്മാനിക്കുക. ലാറി ബേക്കർ പുരസ്കാര സമിതിയിൽ ടി.എൻ സീമ, അയ്യപ്പൻ, ഡോ. അനിൽ എന്നിവർ അംഗങ്ങളായിരുന്നു. എം മുകുന്ദൻ ചെയർമാനായി ഡോ. കെ.എസ് രവികുമാർ, പി.വി രാധാകൃഷ്ണപിള്ള തുടങ്ങിയവർ അടങ്ങിയ ജൂറിയാണ് പ്രഭാവർമ്മയെ തിരഞ്ഞെടുത്തത്.അവാർഡ്ദാന ചടങ്ങിനോടനുബന്ധിച്ച് ടി. പത്മനാഭന്റെ ഒടുവിലത്തെ പാട്ട് എന്ന ചെറുകഥയെ കേന്ദ്രമാക്കി മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.കൂടാതെ ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് ടി. പത്മനാഭൻ, ജി. ശങ്കർ തുടങ്ങിയവരുമായി മുഖാമുഖവും സംഘടിപ്പിച്ചിട്ടുണ്ട്.

