സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബഹ്റൈൻ ഒ.ഐ.സി.സി പ്രതിഷേധം രേഖപ്പെടുത്തി

മനാമ: കോൺഗ്രസിന്റെ യുവനേതാവായ ശുഹൈബിനെ മുപ്പത്തിഎട്ട് വെട്ടുവെട്ടി കൊലപ്പെടുത്തിയ സി.പി.എമ്മിന്റെ കിരാത നടപടിക്കെതിരെ ബഹ്റൈനിലെ ഒ.ഐ.സി.സി അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സുനിൽ കുമാറിന്റെ അദ്ധ്യഷതയിൽ ചേർന്ന പ്രധിഷേധ സംഗമം ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ജനാധ്യപത്യ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയും കൊന്നും കൊലവിളി നടത്തിയും ഭരണത്തിന്റെ അഹംഭാവത്താൽ എന്തും ചെയ്യാമെന്ന സി.പി.എമ്മിന്റെ നിലപാട് ഇനി വിലപ്പോവില്ലെന്നും, ജനാധ്യപത്യ കേരളം അത് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും, എതിർരാഷ്ട്രീയക്കാരെ കൊന്നു ഭയപ്പെടുത്തി ഭരണത്തിന്റെ മറവിൽ രക്ഷപ്പെടാൻ ജനാധ്യപത്യ വിശ്വാസികൾ ഇനി അനുവദിക്കില്ലെന്നും യോഗത്തിൽ പറഞ്ഞു.
കൊലപാതകം ചെയ്യുന്നതിൽ പിണറായിയും കോടിയേരിയും അനുയായികൾക്ക് പ്രചോദനം ഉണ്ടാവുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഇനി ഇത് തുടർന്നാൽ ജനാധിപത്യ കേരളം കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു. തുടർന്ന് ശുഹൈബിന്റെ കുടുംബത്തിനോടൊപ്പമുള്ള ദുഃഖത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു. ഒ.ഐ.സി.സി നാഷണൽ പ്രസിഡണ്ട് ബിജു കുന്നന്താനം, രവി കണ്ണൂർ, ജവാദ് വക്കം, അജിത്കുമാർ, മുനീർ കൂരൻ, ഇബ്രാഹിം അദ്ഹം, സൽമാൻ ഫാരിസ്, ഫിറോസ് അറഫാ, അബ്രഹാം സാമുവൽ, രാഘവൻ, രഞ്ജിത്, മഹേഷ്, ഉല്ലാസ്, അനൂപ്, റസാഖ്, എന്നിവർ സംസാരിച്ചു. ഇസ്മയിൽ യു.വി സ്വാഗതവും പ്രജിത് നന്ദിയും പറഞ്ഞു.