എൻ.എ.സി ബഹ്റൈന്റെ മാർഗ്ഗനിർദ്ദേശക ശക്തിയെന്ന് ഹമദ് രാജാവ്

മനാമ : നാഷണൽ ആക്ഷൻ ചാർട്ടറിന്റെ (എൻ.എ.സി) തത്വങ്ങളും ഉള്ളടക്കങ്ങളും മുറുകെപ്പിടിച്ച് കൂടുതൽ നേട്ടങ്ങൾ സ്വായത്തമാക്കാൻ ആത്മാർത്ഥമായി ജോലി തുടരാൻ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ആഹ്വാനം ചെയ്തു. പ്രതീക്ഷകൾ പ്രകടിപ്പിക്കുന്നതിനും നിലപാടുകൾ ഏകീകരിക്കപ്പെടുന്നതിനുമായി തത്വങ്ങളും ഉള്ളടക്കങ്ങളും മുറുകെ പിടിക്കാൻ എല്ലാവരേയും ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയ ആക്ഷൻ ചാർട്ടറിന്റെ 17−ാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അടിസ്ഥാനത്തിൽ രാഷ്ട്രനിർമ്മാണം, വികസന പ്രക്രിയകൾ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള തത്വങ്ങൾ നടപ്പിലാക്കുകയാണ് നാഷണൽ ആക്ഷൻ ചാർട്ടർ ചെയ്യുന്നതെന്നും രാജാവ് പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യ പുരോഗതിയുടെ ആദ്യ പടിയായി പരിഗണിക്കാവുന്ന എൻ.എ.സിയുടെ നടപടികൾ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിലെ രാഷ്ട്രീയ ആധുനികവത്കരണത്തിനും സ്ത്രീ ശാക്തീകരണ പരിപാടികൾക്കും വഴിയൊരുക്കി. 2001ൽ വോട്ടെടുപ്പിലൂടെയാണ് ദേശീയ റെഫറണ്ടം ഈ നിർദ്ദേശങ്ങൾ അംഗീകരിച്ചത്. ഫെബ്രുവരി 14, 15 തീയതികളിൽ നടന്ന റെഫറണ്ടത്തിൽ 98.4 ശതമാനം പേർ വോട്ട് ചെയ്തപ്പോൾ 90.2 ശതമാനം വോട്ടുകൾ എൻ.എ.സി നേടി. എൻ.എ.സിയുടെ നടപടികൾ നിലനിർത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടും അതിന്റെ മഹത്തായ ചരിത്രപരമായ മൂല്യങ്ങൾ കണക്കിലെടുത്തും ഏറ്റവും മികച്ച രീതിയിൽ അവ വളർത്തിയെടുക്കാൻ എല്ലാ പൗരൻമാരെയും ക്ഷണിക്കുന്നതായും ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് പറഞ്ഞു.