പ്രേരണ ബഹ്റൈൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

മനാമ : വടയന്പാടിയിലെ ജാതിമതിലിനെതിരെ പ്രതികരിച്ച കവി കുരീപുഴ ശ്രീകുമാറിന് നേരെ നടന്ന കൈയേറ്റത്തിന്റെയും, അന്തരിച്ച ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് ഒരുകൂട്ടം സാമൂഹികവിരുദ്ധർ നടത്തിയ അനാദരവിന്റെയും പശ്ചാത്തലത്തിൽ പ്രേരണ ബഹ്റൈൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കന്നഡസംഘയിൽ െവച്ച് നടന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ സംഘടനാ പ്രതിനിധികളും, സാസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
സ്വാമൂഹിക നീതിക്കും, സ്വാതന്ത്ര്യത്തിനും നേരെ വെല്ലുവിളിയുയർത്തി കേരളത്തിലടക്കം ഉയർന്ന് വരുന്ന ജാതിമതിൽ ഭീകരതയെയും, അതിന് പിന്നിലെ അധമ രാഷ്ട്രീയത്തെയും തക്കസമയത്ത് തിരിച്ചറിയുകയും, പ്രതിരോധിക്കുകയും ചെയ്യുക എന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ പൗരന്റേയും കടമയാണെന്ന് യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു. പി.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാജിത്ത് സ്വാഗതവും, സിനു കക്കട്ടിൽ നന്ദിയും രേഖപ്പെടുത്തി.