മനാമ സൂഖിലെ സുരക്ഷ നിയമങ്ങൾ കർശനമാക്കി
മനാമ : കഴിഞ്ഞ ദിവസങ്ങളിൽ മനാമ സൂഖിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് സൂഖിലെ സുരക്ഷാ നിയമങ്ങൾ കർശ്ശനമാക്കി. സുരക്ഷാ ക്രമീകരണങ്ങളിൽ ഉണ്ടായ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമായത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ നിയമങ്ങൾ കർശനമാക്കിയത്.
സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത മനാമയിലെ സൂഖിലെ വ്യപാരികൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും, പിഴ ഇടാക്കുമെന്നും കാപിറ്റൽ ട്രസ്റ്റീ ബോർഡിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. തീപിടുത്തത്തെ തുടർന്ന് പതിനായിരം ദിനാറോളമാണ് നഷ്ടമുണ്ടായത്. ഏകദേശം 13 ഫയർ എഞ്ചിനും, 49 ഫയർമാൻ മാരും കൂടി നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
ഏറെ ജനത്തിരക്കുള്ള സ്ഥലമായതിനാൽ നേരിയ ഒരു തീപ്പൊരി മതി, തീ പടർന്ന് ഒരു മിനിട്ടിനുള്ളിൽ എല്ലാം കത്തി നശിക്കാൻ. അതുകൊണ്ട് തന്നെ വേണ്ടത്ര മുൻകരുതലുകൾ ആവശ്യമാണെന്നും ക്യാപിറ്റൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ മൊഹമ്മദ് അൽ കോസി പറഞ്ഞു. യഥാർത്ഥത്തിലുള്ള പ്രശ്നം എന്തെന്നാൽ വ്യാപരികൾ പല സാധനങ്ങളും കടയുടെ വെളിയിൽ കൊണ്ട് വെയ്ക്കും. ഒരു അടിയന്തിര ഘട്ടം വന്നാൽ ഒരേ സമയം അകത്തുള്ളതും, പുറത്തുള്ളതും സംരക്ഷിക്കാൻ കഴിയാതെ വരുന്നു. മാത്രമല്ല പല കടകളിലും ഫയർ എക്സിറ്റിംഗ്ഷൻസ് ഇല്ല. ചിലത് പ്രവർത്തന ക്ഷമവും അല്ല. എങ്ങനെ അവ ഉപയോഗ പ്രദമാകണമെന്ന് പലർക്കും അറിയുകയുമില്ല. സുരക്ഷാ ക്രമീകരണങ്ങൾക്ക് പ്രാധാന്യം നൽകാത്തത് കൊണ്ടാണ് ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ പോകുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഇരുനൂറു വർഷത്തോളം പഴക്കമുള്ള മാർക്കറ്റ് ആണ് മനാമ സൂഖ്. വലിയൊരളവിൽ ദുരന്തങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്ര തന്നെ പഴക്കമുണ്ട് കുവൈത്തിലെ അൽ മുബാറക്കിയ സിറ്റിയും. മനാമ സൂഖിനെ അപേക്ഷിച്ച് മെച്ചപ്പെട്ട ക്രമീകരണരീതിയാണ് അൽ മുബാറക്കിയ സിറ്റിക്ക് നൽകിയിട്ടുള്ളത്. എന്നിട്ടു പോലും അവിടെതീപിടുത്തങ്ങളുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ മനാമ സൂഖിലെ കാര്യങ്ങൾ കുറെ കൂടി മുൻ കരുതലുകളോടെ വേണം നോക്കി കാണാൻ.
ബഹ്റൈനെ സംബന്ധിച്ചിടത്തോളം വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഇടമാണ് മനാമ സൂഖ്.ആയതിനാൽ അവ സംരക്ഷിക്കപ്പെടുകയും തനിമ ചോരാതെ നിലനിർത്തുകയും വേണം. ആകർഷത്വവും പാരന്പര്യവും നിലനിർത്തികൊണ്ട് മനാമ സൂഖിനെ അറിയപ്പെടുന്ന വ്യാപാര വാണിജ്യ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും സമാന്തരമായി ആലോചിക്കുന്നുണ്ട്. ബഹ്റൈനിലെ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഏകദേശം മൂന്ന് മില്യൺ ദിനറാണ് സൂഖിന്റെ നവീകരണ പ്രവർത്തങ്ങൾക്കായി നീക്കി വെച്ചിട്ടുള്ളത്. ബഹ്റൈനിലെ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും, ഇക്കണോമിക് ഡവലപ് മെന്റ് ബോർഡും, ക്യാപിറ്റൽ ട്രസ്റ്റീ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാത വികസനം, കാർ പാർക്കിങ് സൗകര്യം, ബുധനാഴ്ച്ച മാർക്കറ്റ് എന്നിവയും അതിൽ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

