ലോ­ക കേ­രള സഭയിൽ നജീ­ബിന് ക്ഷണം


മനാമ: മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് നജീബ്. കേരള ഗവൺമെന്റ് രൂപീകരിക്കുന്ന ലോക കേരള സഭയിലേയ്ക്ക് പ്രവാസലോകത്തെ സാധാരണക്കാരന്റെ പ്രതിനിധിയായി പങ്കെടുക്കാനുള്ള ക്ഷണം നജീബിന് ലഭിച്ചിരിക്കുകയാണ്. 2017 ഡിസംബർ 18നാണ് മെയിൽ വഴി നജീബിനെ തേടി ഈയൊരു വാർത്ത എത്തിയത്.

പ്രവാസ ലോകത്തെ തൊഴിലാളികളുടെ ദുരിത ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട കൃതിയാണ് ആടുജീവിതം. നജീബിന്റെ ജീവിതാനുഭവങ്ങളാണ് നോവലെഴുതാനുള്ള പ്രേരണയായത്.

കേരളത്തിൽ ഒരു മണൽ വാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ്‌ സൗദി അറേബ്യയിലേയ്ക്ക് പോയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതത്തെ കുറിച്ചും, കഷ്ടപാടുകളെ കുറിച്ചും, അവിടെ നിന്നും രക്ഷപ്പെട്ട അനുഭവങ്ങളുമാണ് ആടുജീവിതം എന്ന നോവലിന്റെ പ്രമേയം.

ക്ഷണം സ്വീകരിച്ച് ജനുവരി 12, 13 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ ഈ മാസം  11ന് നജീബ് നാട്ടിലേയ്ക്ക് തിരിക്കും. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സ്വദേശിയായ നജീബ് ബഹ്‌റൈനിലെ ക്രൗൺ ഇൻഡസ്ട്രയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഈ മാസം 25ന് ബഹ്‌റൈനിൽ തിരിച്ചെത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed