പ്രസവത്തിനും ഗർഭം അലസലിനും തുല്യ അവധി നൽകണമെന്ന് ബഹ്‌റൈൻ എംപി


മനാമ : പ്രസവിച്ച സ്ത്രീകൾക്കും ഗർഭം അലസിപ്പോയവർക്കും പ്രസവാവധി തുല്യമായി അനുവദിക്കുന്നതിനുള്ള നിർദ്ദേശം എംപി ഖാസി അൽ റഹ്മ സമർപ്പിച്ചു. ആറുമാസത്തെ ഗർഭധാരണത്തിനു ശേഷം ഗർഭം അലസുകയോ അല്ലെങ്കിൽ മരിച്ച കുട്ടിയെ പ്രസവിക്കുകയോ ചെയ്ത സ്ത്രീകൾക്ക് സാധാരണ പ്രസവം നടന്ന സ്ത്രീകൾക്ക് നൽകുന്ന അതേ പ്രസവാവധി അനുവദിക്കണമെന്നാണ് എംപിയുടെ ആവശ്യം.  രാജ്യത്തെ തൊഴിൽ നിയമമനുസരിച്ച്  പ്രസവസമയത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രസവാനന്തരം 60 ദിവസത്തെ അവധിയാണുള്ളത്. ആറുമാസത്തിനുശേഷം ഗർഭം അലസുന്ന സ്ത്രീകളുടെ കാര്യം ഇതിൽ സൂചിപ്പിച്ചിട്ടില്ല, രണ്ട് സന്ദർഭങ്ങളിലും സ്ത്രീകൾക്ക് ഒരേ അവസ്ഥയും ശാരീരികവേദനയുമായിരിക്കും അനുഭവപെടുകയെന്നും എംപി പറഞ്ഞു. ഗർഭം അലസിപ്പോവുകയോ മരിച്ച ഭ്രൂണത്തെ പ്രസവിക്കുകയോ ചെയ്യുന്ന സ്ത്രീകൾക്ക് അസാധാരണവും ബുദ്ധിമുട്ടുമേറിയ സാഹചര്യങ്ങൾ അനുഭവിക്കേണ്ടിവന്നേക്കാം, ഈ സാഹചര്യത്തിൽ വിശ്രമം അത്യാവശ്യമാണെന്നും എംപി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തൊഴിലാളി യൂണിയനുകളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം വെക്കുന്നതെന്നും ഗർഭം അലസുന്നവർക്ക് ഏറ്റവും കുറഞ്ഞത് 40 ദിവസത്തെ അവധിയെങ്കിലും അനുവദിക്കണമെന്നും അൽ റഹ്മ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed