പുതിയ നികുതി പ്രാബല്യത്തിൽ: 920 ഉത്പന്നങ്ങൾക്ക് വില വർദ്ധന
മനാമ: പുകയില, ഊർജ്ജ പാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിങ്ങനെയുള്ള 920 ഉത്പന്നങ്ങൾക്ക് ഇന്നലെ മുതൽ നികുതി പ്രാബല്യത്തിൽ വന്നു. ഇതോടെ ബഹ്‌റൈൻ ചരിത്രത്തിലെ ആദ്യത്തെ നികുതി സംവിധാനമാണ് ഇന്നലെ നടപ്പിലായത്.
എക്സൈസ് ഡ്യൂട്ടി ബാധകമായ സാധനങ്ങളുടെ പട്ടിക ധനകാര്യ മന്ത്രാലയം വെള്ളിയാഴ്ച ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റു ചെയ്തിരുന്നു. 924 ഉത്പന്നങ്ങളുടെ നികുതി ഏർപ്പെടുത്തുന്നതിന് മുന്പും ശേഷവുമുള്ള വിലയാണ് പട്ടികയിൽ ഉള്ളത്. പുകയില ഉത്പന്നങ്ങൾക്കും ഊർജ പാനീയങ്ങൾക്കും 100 ശതമാനം നികുതിയും സോഫ്റ്റ് ഡ്രിങ്കുകൾക്ക് 50 ശതമാനം നികുതിയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി സഹകരിച്ച ജിസിസി രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയങ്ങൾ ഹാനികരമായ ഉൽപ്പന്നങ്ങളായാണ് ഇവയെ പരിഗണിക്കുന്നത്. ഇതോടെ മിക്ക സോഫ്റ്റ് ഡ്രിങ്കുകളുടേയും വില 0.225 ബഹ്‌റൈൻ ദിനാറും ഊർജ പാനീയങ്ങൾക്ക് 1.2 ദിനാറും വില വർദ്ദിച്ചു. 1.8 മുതൽ 2.4 വരെ ദിനറാണ് സിഗററ്റുകൾളുടെ വിലയെങ്കിൽ 3 മുതൽ 3.5 വരെ ദിനറാണ് പൈപ്പ് പുകയില ഉത്പന്നങ്ങൾക്ക് വില. എങ്കിലും, മിക്ക വാണിജ്യ വിപണികളും ഉൽപ്പന്നങ്ങൾ പഴയ വിലയിൽ തന്നെയാണ് ഇന്നലെ വിറ്റത്.
ഉൽപ്പാദകർ, ഇറക്കുമതിക്കാർ, എക്സൈസ് ഉത്പന്നങ്ങളുടെ സംഭരണത്തിൽ ഉൾപ്പെട്ടവർ എന്നിവർ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും, ഇക്കാര്യത്തിൽ തങ്ങളുടെ മാനദണ്ധങ്ങൾ പാലിക്കാത്തവരിൽ നിന്നും 5,000 ബഹ്‌റൈൻ ദിനാർ വരെ പിഴ ഈടാക്കുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

