‘കൈകാര്യം’ കാലുകൊണ്ട് : കരളുറപ്പിന്റെ ജീവിത വിജയവുമായി ജിലുമോൾ ബഹ്റൈനിൽ

രാജീവ് വെള്ളിക്കോത്ത്
മനാമ : കയ്യുള്ളവർ ഒരൽപ്പം ആശ്ചര്യത്തോടെയും ആദരവോടെയും അറിയേണ്ടതാണ് ജിലുമോളുടെ കരളുറപ്പ്. ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച നടക്കുന്ന സ്റ്റാർ ഹണ്ട് ഫിനാലെ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ജിലുമോൾ ഫോർ പി.എം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. മൂന്ന് പെൺകുട്ടികൾ അടങ്ങിയ കർഷക കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയായി ജനിച്ച ജിലുവിന് ജന്മനാ കൈകൾ രണ്ടും ഇല്ലായിരുന്നു.
കൈകൾ ഇല്ലാതിരുന്നത് കൊണ്ട് തന്നെ കൈ ഇല്ലാത്തതിനെപ്പറ്റി വേവലാതിപ്പെടുകയോ കൈ ഇല്ലാതിരുന്നത് കൊണ്ടുള്ള പ്രയാസങ്ങളോ അറിഞ്ഞിട്ടില്ലെന്ന് ജിലു പറഞ്ഞു. എന്നാൽ കൈ ഉള്ളവർ ചെയ്യുന്നതെല്ലാം ജിലു കാലു കൊണ്ട് ചെയ്യുന്നുവെന്ന് മാത്രം. തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂർ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും രണ്ടാമത്തെ മകളായി ജനിച്ച ജിലു ചങ്ങനാശ്ശേരി ജയം സ്‌കൂളിലാണ് തന്റെ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. സ്‌കൂളിൽ പോയിത്തുടങ്ങുന്പോൾ തന്നെ മറ്റ് കുട്ടികൾ ചെയ്യുന്നതെല്ലാം തന്നെ തനിക്കും നേടണം എന്നുള്ള ആഗ്രഹം മനസ്സിൽ കുറിച്ചിട്ടു. പിന്നീട് വാഴപ്പള്ളിയിലും ചങ്ങനാശ്ശേരി മീഡിയാ വില്ലേജിലും തുടർവിദ്യാഭാസം നടത്തി. ചങ്ങനാശ്ശേരി മേഴ്‌സി ഹോമിൽ നിന്നും കാലുകൊണ്ട് കന്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിച്ചത് ജീവിതത്തിൽ വലിയൊരു നേട്ടമായെന്ന് ജിലു പറഞ്ഞു. കന്പ്യൂട്ടർ പഠിച്ചതോടെ ലോകത്തെന്പാടുമുള്ള ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനും അവരുമായി ആശയ വിനിമയം നടത്തുന്നതിനും സാധിച്ചത് പല കാര്യങ്ങൾക്കും മുതൽക്കൂട്ടായി.
പഠനത്തിൽ മിടുക്കിയായിരുന്നത് കൊണ്ട് തന്നെ ഏതൊരു കാര്യത്തിലും ആഴത്തിലുള്ള അറിവ് നേടുന്നതിനും സഹായമായി. കാലുകൾ വെച്ച് കൊണ്ട് കന്പ്യൂട്ടർ കൈകാര്യം ചെയ്യുന്നത്് വേഗത്തിലായതോടെ ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗ് ആണ് പഠിച്ചത്. കോഴ്സ് പഠിച്ച് കൂടുതൽ പ്രാക്ടിക്കൽ പ്രവർത്തിപരിചയവും ആയതോടെ എറണാകുളത്തെ വിയാനി പ്രിന്റിംഗ് പ്രസ്സിൽ ഗ്രാഫിക് ഡിസൈനറായി ജോലി ലഭിച്ചു. അങ്ങനെ ജീവിതത്തിലും സ്വന്തം കാലിൽ തന്നെ നിൽക്കാനാരംഭിച്ചു. കന്പ്യൂട്ടറിനോടൊപ്പം തന്നെ ഏതൊരു സ്മാർട്ട് ഫോണും കാലുകൊണ്ട് കൈകാര്യം ചെയ്യുന്നതിനും ജിലുമോൾക്ക് പിന്നീട് ഈസിയായി. തനിക്ക് വരുന്ന മൊബൈലിലെ കോളുകൾ അറ്റൻഡ് ചെയ്യുന്നതിനും സുഹൃത്തുക്കളെ വിളിക്കുന്നതിനും ഈ കൊച്ചു മിടുക്കിക്ക് നിഷ്പ്രയാസം സാധിക്കുന്നത് തന്റെ കരളുറപ്പിലൂടെ ആർജ്ജിച്ചെടുത്ത പരിശീലനം തന്നെയാണ്.
ഇന്ന് മലയാളികൾ പലരും ഭിന്നശേഷിയുള്ള കുട്ടികൾക്ക് മുന്നിൽ മാതൃകയാക്കി ജിലുവിനെ അവതരിപ്പിക്കാനും സ്‌കൂൾ കുട്ടികൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള ക്ലാസുകൾ എടുക്കാനും ജിലുവിനെ അന്വേഷിച്ചെത്തുന്നു. അത്യാവശ്യം പാടാനും കുറച്ച് മിമിക്രിയുമൊക്കെ വശമുള്ള ജിലു ഉരുളയ്ക്കുപ്പേരിയായി മറുപടിപറഞ്ഞ് ആളുകളെ പെട്ടെന്ന് ആകർഷിക്കുന്ന പ്രകൃതക്കാരിയാണ്. അഭിമുഖം കഴിഞ്ഞിറങ്ങുന്പോൾ ഫോർ പി.എം ന്യൂസിന് വേണ്ടി കാലുകൊണ്ട് വെള്ള പേപ്പറിൽ മനോഹരമായി ഒരാശംസ എഴുതിത്തരാനും ജിലു മറന്നില്ല. ഇനി കൈയ്യില്ലാതെ ഡ്രൈവ് ചെയ്യണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും ജിലു പറഞ്ഞു. ഇന്ത്യയിൽ ഒരാൾക്ക് മാത്രമാണ് അത്തരം ഒരു ലൈസൻസ് നൽകിയിട്ടുള്ളതെന്നാണ് അറിയാൻ സാധിച്ചത്. അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രത്യേക വാഹനത്തിന്റെ വിശദ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം നടക്കുന്നു. ഡിസംബർ 15ന് സിംസ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജിലു സംബന്ധിക്കും. പരിപാടിയിൽ ഏല്ലാവരും സംബന്ധിക്കണമെന്ന് സിംസ് ഭാരവാഹികൾ അറിയിച്ചു.