‘സിംസ് ’ വർക്ക് ഓഫ് മേഴ്സി അവാർഡ് ഡോ. എം.എസ് സുനിലിന്

മനാമ : 2018ലെ ‘സിംസ്’ വർക്ക് ഓഫ് മേഴ്‌സി അവാർഡിന് സാമൂഹിക പ്രവർത്തക ഡോ. എം.എസ് സുനിലിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 25ന് സൽമാനിയ മർമറിസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ചടങ്ങിൽ ഫാ. ടോം ഉഴുന്നാലിൽ മുഖ്യാതിഥിയായിരിക്കും.
ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് ഇൗ അവാർഡ് നൽകുന്നത്. 2012 മുതലാണ് അവാർഡ് നൽകി തുടങ്ങിയത്. ആദ്യമായാണ് ഒരു വനിതയ്ക്ക് മേഴ്‌സി അവാർഡ് നൽകുന്നതെന്ന് സിംസ് പ്രസിഡണ്ട് ബെന്നി വർഗ്ഗീസ് പറഞ്ഞു. 50,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ അദ്ധ്യാപികയായിരിക്കെ എൻ.എസ്.എസ് വഴിയാണ് ഡോ. സുനിൽ സാമൂഹിക പ്രവർത്തത്തിൽ സജീവമാകുന്നത്. ഇവരുടെ ‘ഹോം ഫോർ ഹോംലെസ്’ പദ്ധതിയിലൂടെ നിരവധി പേർക്ക് വീട് നിർമ്മിച്ച് നൽകിയിട്ടുണ്ട്.
ആദിവാസി മേഖലയിലുള്ളവർക്കായി നടപ്പാക്കി വരുന്ന ‘നമവിരുന്ന്’ പദ്ധതിയിലൂടെ 50ഒാളം കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യ വിഭവങ്ങൾ നൽകിവരുന്നുണ്ട്. ചാലക്കയം, മൂഴിയാർ വനമേഖലയിലുള്ള ആദിവാസികൾക്കായി വിവിധ പദ്ധതികളും ഇവർ ഏറ്റെടുത്തിട്ടുണ്ട്. ഇവരുടെ ഭവന പദ്ധതിയിലേയ്ക്ക് വീട് നിർമ്മിച്ചു നൽകാനുള്ള ധനസഹായം നൽകാൻ ചില അംഗങ്ങൾ തയ്യാറായതായും സിംസ് ഭാരവാഹികൾ പറഞ്ഞു. സേവനരംഗത്തെ മികവ് പരിഗണിച്ച് ഡോ. സുനിലിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത് ഫാ. ടോം ഉഴുന്നാലിൽ ആണെന്നത് ഏറെ സന്തോഷകരമാണെന്ന് അവാർഡ് കമ്മറ്റി ചെയർമാൻ പി.പി ചാക്കുണ്ണി പറഞ്ഞു. അദ്ദേഹം യമനിൽ ഭീകരവാദികളുടെ പിടിയിലായിരുന്നപ്പോൾ മോചനത്തിനായി ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് സിംസ് നിരവധി പരിപാടികൾ നടത്തിയിരുന്നു. ജനുവരി 24 മുതൽ 29 വരെ ഫാ. ടോം ബഹ്റൈനിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും.
ഡോ. ഡേവിസ് ചിറമേൽ, ബഹ്‌റൈൻ ഡിസേബിൾഡ് സൊസൈറ്റി ചെയർമാൻ ഷെയ്ഖ് ദുെഎജ് ഖലീഫ ബിൻ ദുെഎജ് ആൽ ഖലീഫ, കോട്ടയം നവജീവൻ ട്രസ്റ്റ് സാരഥി പി.യു തോമസ്, കെ.എം.സി.സി ബഹ്‌റൈൻ ഘടകം തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ മേഴ്സി അവാർഡ് നൽകിയിട്ടുള്ളത്.
വാർത്താസമ്മേളനത്തിൽ സെക്രട്ടറി നെൽസൺ വർഗീസ്, ജേക്കബ് വാഴപ്പിള്ളി, റാഫി സി. ആൻ്റണി, പി.ടി ജോസഫ്, ചാൾസ് ആലൂക്ക, അമൽ ജോ ആൻ്റണി, ബിജു പാറയ്ക്കൽ, ഡേവിഡ് ഹാൻസ്റ്റൻ, ജിമ്മി ജോസഫ്, ജോസ് ചാലിശ്ശേരി, ആേൻ്റാ മേച്ചേരി തുടങ്ങിയവർ പങ്കെടുത്തു.