ഓൺലൈൻ നോർക്ക അംഗത്വം : മാർഗ്ഗ നിർദേശങ്ങളില്ല

മനാമ : പ്രവാസികളുടെ നോർക്ക അംഗത്വം സംബന്ധിച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാമെന്ന് നോർക്ക വ്യക്തമാക്കുന്പോൾ സാധാരണക്കാർക്ക് ഇത് എങ്ങനെ പ്രയോജനപ്പെടുമെന്ന കാര്യത്തിലോ ഓൺലൈൻ രജിസ്‌ട്രേഷനുള്ള മാനദണ്ധങ്ങളുമൊന്നും ഇതുവരെയും പ്രവർത്തികമാകുന്നില്ല. മുന്പ് നോർക്കയുടെ പ്രയോജനം പ്രവാസികൾക്ക് ലഭിക്കുന്നില്ല എന്നും നിലവിലെ രജ്സ്്ട്രേഷൻ നടപടികളിൽ സങ്കീർണ്ണതകളുണ്ട് എന്ന പരാതിയെ തുടർന്നുമാണ് അവ പരിഹരിക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷൻ ഓൺലൈനാക്കാൻ തീരുമാനിച്ചത്. എന്നാൽ കേരളത്തിലെ നോർക്ക മൂന്ന് സോണുകളായി ഓഫീസുകൾ തിരിച്ചിട്ടുണ്ട് എന്നും അപേക്ഷകൾ ഓൺലൈനായി ഉണ്ടെന്നതും ഒഴിച്ചാൽ ഇക്കാര്യത്തിൽ വ്യക്തമായ മാർഗ്ഗ നിർദേശങ്ങളൊന്നും തന്നെ ഓൺലൈനിൽ ഇല്ല. അതുകൊണ്ടു തന്നെ പ്രവാസി ക്ഷേമനിധിയിൽ ചേരുന്നവർക്കും മറ്റും അതിനു കഴിയുന്നില്ലെന്നുള്ള പരാതിയും നിലനിൽക്കുന്നു.
നിലവിലെ രജിസ്ട്രേഷൻ നിരവധി സങ്കീർണ്ണതകൾ നിറഞ്ഞതാണ്. പ്രവാസികളിൽ മഹാ ഭൂരിപക്ഷം ആളുകളും നോർക്കയിൽ രജിസറ്റർ ചെയ്യുകയോ, ക്ഷേമനിധിയിൽ അംഗങ്ങൾ ആവുകയോ ചെയ്തിട്ടില്ല. അതുമൂലം എല്ലാവരും ആനുകൂല്യങ്ങൾക്ക് പുറത്താണ്. ഗൾഫിൽ നിന്നും പ്രവാസികൾക്ക് അനുവദിച്ച് 20ലക്ഷം രൂപ വരെയുള്ള ലോൺ പദ്ധതി, ന്യൂനപക്ഷ പ്രവാസി ലോൺ എല്ലാത്തിനും നോർക്കയിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. 20 ലക്ഷത്തിന്റെ ലോൺ 15 % തുക തിരിച്ചടക്കേണ്ടാത്ത വിധം സബ്സിഡിയിലാണ് നൽകുന്നത്. മാത്രമല്ല 3% മാത്രമേ പലിശയുള്ളു. 3 വർഷത്തേക്ക് തിരിച്ചടവും ഇല്ല. ഗൾഫിൽ നിന്നും തൊഴിൽ പോയി വരുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ടവർക്കും ലോൺ അനുവദിക്കുന്നത് വെറും 3% പലിശനിരക്കിലാണ്.
ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് 5,000 മുതൽ 50,000 രൂപവരെ പ്രതിമാസം ലഭിക്കുന്ന ഡിവിഡന്റ് പെൻഷൻ പദ്ധതിക്ക് പ്രവാസി ക്ഷേമ ബോർഡ് രൂപംനൽകിയിട്ടുണ്ട്. പ്രവാസികൾ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് പെൻഷനായി നൽകുക. അഞ്ച് ലക്ഷം മുതൽ 50 ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. ഈ തുക മൂന്ന് വർഷത്തിനകം ആറ് ഘട്ടമായോ അല്ലെങ്കിൽ ഒറ്റത്തവണയായോ നിക്ഷേപിക്കാം. നിക്ഷേപത്തുക പൂർണ്ണമായും ലഭിച്ച് മൂന്നു വർഷത്തിനു ശേഷം മാസംതോറും ഡിവിഡന്റ് നൽകും. പ്രവാസികൾക്ക് ബാങ്കിൽ നിക്ഷേപിച്ചാൽ ലഭിക്കുന്നതിലും കൂടുതൽ ആനുകൂല്യം പദ്ധതിയിലൂടെ ലഭ്യമാക്കും. നിക്ഷേപകൻ മരിച്ചാൽ നിയമപരമായ അവകാശികൾക്ക് നിക്ഷേപത്തുക തിരിച്ചുനൽകും. ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ജോലിചെയ്ത് തിരിച്ചെത്തുന്ന ഭൂരിഭാഗത്തിനും അവസാനകാലം ദാരിദ്യ്രവും രോഗവും മാത്രമാണ് സന്പാദ്യമെന്ന തിരിച്ചറിവിലാണ് പ്രവാസികളുടെ സന്പാദ്യം നിക്ഷേപമായി സ്വീകരിച്ചുള്ള പെൻഷൻപദ്ധതിക്ക് രൂപംനൽകിയത്. പ്രവാസി മലയാളികൾ വർഷം ഒന്നേകാൽ ലക്ഷം കോടി രൂപയോളം നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഈ തുകയുടെ ഒരശംപോലും ദീർഘകാലാടിസ്ഥാനത്തിൽ പ്രവാസികൾക്ക് സുസ്ഥിര ജീവിതം നയിക്കുന്നതിനായി വിനിയോഗിക്കുന്നില്ല.
വിദേശത്തുനിന്ന് കിട്ടുന്ന പണം പലവഴിക്ക് ചെലവഴിച്ച് പ്രവാസ ജീവിതം അവസാനിക്കുന്പോഴേക്കും ജീവിതംതന്നെ വഴിമുട്ടുന്ന അവസ്ഥയാണ് ഭൂരിപക്ഷം പ്രവാസികൾക്കും. ഇതിനിടയിൽ പലവിധം കബളിപ്പിക്കപ്പെടലുകൾക്ക് ഇരയാകുന്നവരും കുറവല്ല. ആഗോള സാന്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദത്താൽ ഗൾഫ് മേഖലയിൽനിന്നുള്ള തിരിച്ചുവരവ് വർദ്‍ധിച്ചിട്ടുണ്ട്. ഇതും പ്രവാസി കുടുംബങ്ങളെ സാന്പത്തിക അസ്ഥിരതയിലേയ്ക്ക് തള്ളിവിടുന്നു. ഈസാഹചര്യമെല്ലാം കണക്കിലെടുത്താണ് നാട്ടിൽ തിരിച്ചെത്തുന്പോൾ നിശ്ചിത തുക പ്രതിമാസം വരുമാനമായി ലഭിക്കുന്ന പദ്ധതിക്ക് രൂപം നൽകിയത്. ഇത്തരത്തിൽ നിരവധി പദ്ധതികൾനോർക്കയിൽ ഉണ്ടെങ്കിലും അതിന്റെ ആദ്യ ഘട്ടം ഓരോ പ്രവാസിയും തിരിച്ചറിയൽ കാർഡുകൾ എടുക്കുക എന്നതാണ്. അക്കാര്യത്തിൽ തന്നെ നീണ്ട കാത്തിരിപ്പു വേണ്ടുന്ന സാഹചര്യത്തിൽ അതുണ്ടെങ്കിൽ മാത്രം ലഭിക്കാവുന്ന ക്ഷേമ പദ്ധതികളുടെ കാര്യത്തിലും ആശങ്കകൾ നിലനിൽക്കുന്നു. ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം നിലവിൽ വരുന്നതോടെ ലോകത്താകമാനം ചിതറി കിടക്കുന്ന മലയാളി പ്രവാസികൾക്ക് ലോകത്തെവിടെയിരുന്നു നോർക്കയിൽ രജിസ്റ്റർ ചെയ്യാമെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ മുന്പ് അപേക്ഷിച്ചവരുടെ കാര്യത്തിൽ പോലും തീരുമാനം ആയിട്ടില്ലാത്ത സ്‌ഥിതിക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച ആശങ്കകൾ ഇപ്പോഴും തുടരുകയാണ്.