ജിഷാ വധക്കേസിൽ പ്രതി അമീറുൾ ഇസ്‌ലാം കുറ്റക്കാരൻ : ശിക്ഷ ഇന്ന്

കൊച്ചി : കോളിളക്കം സൃഷ്ടിച്ച പെരുന്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്‌ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിലെ ശിക്ഷ ഇന്ന് വിധിക്കും. വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
നൂറു സാക്ഷികളെ വിസ്തരിച്ച കേസിൽ 245 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.പ്രോസിക്യൂഷൻ ആരോപിച്ച കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ, അന്യായമായി തടഞ്ഞുവെയ്ക്കൽ, വീട്ടിൽ അതിക്രമിച്ചു കടക്കൽ, ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ തുടങ്ങിയ കുറ്റങ്ങൾക്കാണ് പ്രതി വിചാരണ നേരിട്ടത്. ഇതിൽ, കൊലപാതകം, ബലാത്സംഗം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി ശരിവെച്ചു. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും തെളിവ് നശിപ്പിക്കലെന്ന വകുപ്പും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ശാസ്ത്രീയ തെളിവുകളായി കോടതിയിൽ സമർപ്പിച്ച ഡി.എൻ.എ പരിശോധനാ ഫലങ്ങൾ അമീറുൽ ഇസ്്ലാമിന്റെ ചെരുപ്പിൽ നിന്ന് ലഭിച്ച മണ്ണ് പരിശോധനാ റിപ്പോർട്ട്, വീട്ടിലെ വാതിൽ പടിയിൽ നിന്ന് ലഭിച്ച അമീറുൾ ഇസ്്ലാമിന്റെ രക്തസാന്പിൾ തുടങ്ങി ആധികാരിക തെളിവുകളാണ് പ്രോസിക്യൂഷൻ വാദങ്ങൾക്ക് ബലം നൽകിയത്.
ഇന്നത്തെ വിധി പ്രസ്താവത്തിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷൻ അഡ്വ. എൻ.കെ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം അമീറുൾ ഇസ്‌ലാമിന് നീതി നിഷേധിക്കപ്പെട്ടെന്ന് പ്രതിയുടെ അഭിഭാഷകൻ അഡ്വ. ആളൂർ പറഞ്ഞു. ഒരു നിരപരാധിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണ് ജിഷവധക്കേസിൽ അമീറുളിന് ലഭിച്ചത്. പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടു മാത്രമാണ് ശിക്ഷാർഹനായതെന്നും ആളൂർ പറഞ്ഞു. കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരിക്കും പ്രോസിക്യൂഷൻ വാദിക്കുക. അതിനാൽ പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് താൻ വാദിക്കുമെന്നും ആളൂർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അമീറൂൾ ഇസ്്ലാമിനെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. വധശിക്ഷ നൽകിയില്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.