ആരോഗ്യകരമായ ജീവിതരീതി : വോക്കത്തോണും മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു

സിത്ര : ഹരിതാഭമായ പരിസ്ഥിതിയെക്കുറിച്ച് ബോധവത്കരണം നടത്തുകയും ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സിത്ര വാക്ക്−വേയിൽ വാക്കത്തോണും മെഡിക്കൽ ക്യാന്പും വൃക്ഷത്തൈ വിതരണവും നടന്നു. ജനകീയ പങ്കാളിത്തം പരിപാടി വിജയമാക്കിയതായി ക്യാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഖോസ പറഞ്ഞു.
ബഹ്‌റൈൻ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ‘ഇൻ ലൗ വിത്ത് ബഹ്‌റൈൻ’ എന്ന പേരിൽ നടത്തിയ ചടങ്ങിൽ ക്യാപ്പിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ, ബഹ്‌റൈൻ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ ഓർഗനൈസേഷൻ എന്നിവർ മുഖ്യ സംഘാടകരായിരുന്നു. ബഹ്‌റൈൻ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ പ്രസിഡണ്ട്, അംഗങ്ങൾ, ക്യാപ്പിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ ചെയർമാൻ, ബോർഡ് അംഗങ്ങൾ, ക്യാബിനറ്റ് അംഗങ്ങൾ, മറ്റ് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വൃത്തിയുള്ള പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും അവ എങ്ങനെ സമൂഹത്തിന് സംഭാവന ചെയ്യാൻ കഴിയുമെന്നുമുള്ള ബോധവത്കരണ ക്ലാസുകൾ നടന്നു.
തലസ്ഥാന നഗരിയിലെ താമസക്കാർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാൻ ക്യാപിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്ന് അൽ ഖോസ പറഞ്ഞു. വരുന്ന ആഴ്ചകളിൽ കർബാബാദ് ബീച്ച്, ബാബ് അൽ ഹ്‌റൈൻ എന്നിവിടങ്ങളിൽ സമാനമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ക്യാപ്പിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ വൈസ് ചെയർമാൻ മസെൻ അൽ ഉമ്രാൻ പറഞ്ഞു.