ഉറക്കക്കു­റവ് ആരോ­ഗ്യവും മനഃസമാ­ധാ­നവും ഇല്ലാ­താ­ക്കും : ഡോ­. റാം വത്വാ­നി­


മനാമ : സുഖകരമായ ഉറക്കം ആവശ്യത്തിന് ലഭിക്കാത്തത് മനുഷ്യന്റെ ആരോഗ്യ സ്ഥിതിയും മനഃസമാധാനവും നഷ്ടപ്പെടുത്തുമെന്ന് ബഹ്‌റൈനിലെ പ്രമുഖ ന്യൂറോളജിസ്റ്റും അമേരിക്കൻ ന്യൂറോളജി ഫെല്ലോയും സിഞ്ചിലെ ന്യൂറോ കെയർ ക്ലിനിക് സ്ഥാപകനുമായ ഡോ. റാം വത്വാനി അഭിപ്രായപ്പെട്ടു. ഇത് ഇൻസോമ്നിയ (നിദ്രാവിഹീനത) എന്ന അസുഖത്തിലേയ്ക്ക് നയിക്കുകയും ചെയ്യപ്പെടുന്നു. ഇൻ‍സോമ്നിയ ഉള്ളയാൾ‍ക്ക് ഉറങ്ങാനോ ഉറക്കം നിലനിർ‍ത്താനോ ബുദ്ധിമുട്ടായിരിക്കും. ഉറങ്ങാൻ ആവശ്യത്തിന് സമയം ഉണ്ടെങ്കിലും ഉറങ്ങാൻ സാധിക്കില്ല, എന്തെങ്കിലും കാരണം കൊണ്ട് വൈകിയുറങ്ങുകയോ വളരെ നേരത്തെ ഉണരുകയോ ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല ഈ അസുഖം. ഇൻ‍സോമ്നിയ ഉറക്കത്തിന്‍റെ അളവിനേയും അതിന്‍റെ ഗാഢതയേയും ബാധിക്കും. ഇതുള്ള വ്യക്തിക്ക് പകൽ‍ സമയത്ത് ക്ഷീണവും ചുറുചുറുക്കില്ലായ്മയും അനുഭവപ്പെടും.

നമുക്കെല്ലാവർ‍ക്കും പലപ്പോഴും ഉറക്കമില്ലാത്ത രാത്രികൾ‍ ഉണ്ടാകാറുണ്ട്. ഇതിനർ‍ത്ഥം നമുക്ക് ഇൻ‍സോമ്നിയ (നിദ്രാവിഹീനത) ഉണ്ടെന്നല്ല. ഇൻ‍സോമ്നിയ ദീർ‍ഘകാലം നിലനിൽ‍ക്കുന്ന, നിങ്ങളുടെ ജോലിയെ, ബന്ധങ്ങളെ, തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെ, ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരവസ്ഥയാണ്. ഈ അസുഖമുള്ളവർ എത്രയും വേഗത്തിൽ‍ ചികിത്സ തേടുന്നുവോ അത്രയും വേഗത്തിൽ‍ ഇതിൽ‍ നിന്നും മുക്തി നേടാവുന്നതുമാണ്. രാത്രിയിൽ‍ ഉറക്കം വരാൻ ബുദ്ധിമുട്ട് അനുഭവെപ്പടുക. പകൽ‍ സമയത്ത് തുടർ‍ച്ചയായി നിങ്ങൾ‍ക്ക് ഉറക്കം തൂങ്ങൽ‍ അനുഭവപ്പെടുക, എപ്പോഴും ക്ഷീണവും ചുറുചുറുക്കില്ലായ്മയും അനുഭവപ്പെടുക, എന്തിലെങ്കിലും ശ്രദ്ധവെയ്ക്കാനോ ഏകാഗ്രത പുലർ‍ത്താനോ ബുദ്ധിമുട്ട് അനുഭവപ്പെടുക, കാര്യങ്ങൾ‍ പലതും മറന്നു പോകാൻ തുടങ്ങുക, ഇതിന്‍റെയൊക്കെ ഫലമായി നിങ്ങൾ‍ സാധാരണയിലേറെയായി തെറ്റുകൾ‍ അല്ലെങ്കിൽ‍ വീഴ്ചകൾ‍ വരുത്തുക തുടങ്ങിയവയെല്ലാം ഇൻ‍സോമ്നിയയുടെ ലക്ഷണങ്ങളാണ്. കൂടാതെ മുൻ‍കോപിയാകുകയും സഹനശേഷി കുറഞ്ഞ് വരികയും ചെയ്യും, തലവേദനയോ വയറുവേദനയോ അനുഭവപ്പെടുക. ഈ ലക്ഷണങ്ങൾ‍ ഉണ്ടെന്ന് തോന്നുന്നെങ്കിൽ ഡോക്ടറെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

മാനസിക പിരിമുറുക്കം / സമ്മർദ്ദം ഇൻ‍സോമ്നിയയ്ക്കുള്ള ഒരു പൊതുവായ കാരണമാണ്. ഇത് ജോലി സംബന്ധമായ സമ്മർ‍ദ്ദം, പണത്തേയോ ആരോഗ്യത്തെയോ കുറിച്ചുള്ള ചിന്തകൾ‍ തുടങ്ങിയ വിവിധ ദൈനംദിന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ളതാകാം. അതുപോലെ തന്നെ ഈ പിരിമുറുക്കം പ്രിയപ്പെട്ട ആരുടെയെങ്കിലും മരണം, വിവാഹമോചനം, തൊഴിൽ‍ നഷ്ടപ്പെടൽ‍ തുടങ്ങിയവ മൂലമുണ്ടാകുന്നതുമാകാം.

ഏതെങ്കിലും തരത്തിലുള്ള ശാരീരികമായ അസുഖം മൂലം വേദനയോ അസ്വാസ്ഥ്യമോ അനുഭവപ്പെടുവർ‍ക്ക്, അല്ലെങ്കിൽ‍ ആസ്തമ പോലുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങൾ‍ ഉള്ളവർ‍ക്ക് ഇൻ‍സോമ്നിയ ഉണ്ടായേക്കാം. അതുപോലെ തന്നെ ക്യാൻ‍സർ‍, ഹൃദ്രോഗം തുടങ്ങിയ മറ്റ് ഗുരുതരമായ രോഗാവസ്ഥകൾ‍, അല്ലെങ്കിൽ‍ അലർ‍ജി, പുളിച്ചുതികട്ടൽ‍ തുടങ്ങിയ ലളിതമായ അവസ്ഥകൾ‍ ഉള്ളവർ‍ക്കും ഇൻസോമ്നിയ (ഉറക്കമില്ലായ്മ) പിടിപെട്ടേക്കാം. 

കഴിക്കുന്ന ചില മരുന്നുകളുടെ പാർ‍ശ്വഫലം മൂലം, പെയിൻ‍ കില്ലേഴ്സ്, ജലദോഷത്തിനും കഫക്കെട്ടിനും മറ്റും നിങ്ങൾ‍ മെഡിക്കൽ‍ ഷോപ്പിൽ‍ നിന്നും ഡോക്ടറുടെ നിർ‍ദ്ദേശപ്രകാരമല്ലാതെ വാങ്ങിക്കഴിക്കുന്ന കഫീൻ അടങ്ങിയിട്ടുള്ള ചില മരുന്നുകൾ‍ എന്നിവയക്കെ ഉറക്കത്തിന്‍റെ ക്രമത്തെ തടസപ്പെടുത്തിയേക്കാം.

മദ്യം, മയക്കുമരുന്നുകൾ, കഫീൻ‍, നിക്കോട്ടിൻ, എന്നിവ ഉപയോഗിക്കുന്നവരിൽ ഇൻ‍സോമ്നിയയ്ക്ക് കാരണമാകാറുള്ളതായി കണ്ടുവരുന്നു. ഒട്ടും സമയക്രമം പാലിക്കാതെ ഒരോ ദിവസവും തോന്നുന്ന സമയത്ത് ഉറങ്ങുന്നത് കുറച്ചുനാൾ‍ കഴിയുന്പോൾ‍ ആരോഗ്യത്തിന് ഹാനികരമായിത്തീരുകയും അത്തരക്കാർക്ക് ഇൻസോമ്നിയ (ഉറക്കമില്ലായ്മ) പിടിപെടുന്നതിന് കാരണമാകുകയും ചെയ്യും.

ഇൻ‍സോമ്നിയയ്ക്കുള്ള ചികിത്സ പ്രധാനമായും ശ്രദ്ധവെയ്ക്കുന്നത് അതിന് കാരണമായി നിലനിൽ‍ക്കുന്ന അടിസ്ഥാന പ്രശ്നത്തെ തിരിച്ചറിയുക എന്നതിലാണ്. ഡോക്ടർ‍ അനുയോജ്യമായ ചില മരുന്നുകൾ‍ നൽ‍കുകയും പ്രത്യേകമായ ചില പെരുമാറ്റപരമായ തെറാപ്പികൾ‍ നിർ‍ദ്ദേശിക്കുകയും ചെയ്യും. വ്യായാമം ചെയ്യാൻ ശ്രമിക്കുകയും പകൽ‍ മുഴുവൻ സജീവമായി/പ്രവർ‍ത്തനിരതനായിരിക്കുകയും ചെയ്യുക. ചൂടുവെള്ളത്തിലുള്ള കുളിയും ഉറക്കത്തിന് സഹായിക്കും. നിങ്ങളുടെ ഉറക്കം കെടുത്തുന്ന വസ്തുക്കളായ മദ്യവും നിക്കോട്ടിനും ഒഴിവാക്കുകയും കഫീൻ ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുക. നിങ്ങൾ‍ക്ക് ഉറങ്ങുന്നതിനുള്ള കിടക്കയും മറ്റ് സൗകര്യങ്ങളും സുഖകരമായവയാക്കുക.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed