ഇടത്തരക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് സ്വപ്നം മാത്രമാകും
മനാമ : ഡ്രൈവിംഗ് ലൈസൻസെടുക്കാൻ പ്രവാസികൾ 500 ദിനാർ അടയ്ക്കണമെന്ന നിയമം നിലവിൽ വന്നാൽ സാധാരണക്കാരായ പ്രവാസികളുടെ ഡ്രൈവിംഗ് സ്വപ്നങ്ങൾക്ക് അത് വലിയ കടന്പയാകും. ലൈസൻസ് എടുത്തവർക്കുള്ള പുതുക്കൽ ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള ശുപാർശയും തൊഴിൽ മേഖലയെ സാരമായി ബാധിച്ചേക്കും. പൊതുവെ സെയിൽസ്, മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് വാഹനം കൂടിയേ തീരൂ. സ്വന്തമായി വാഹനങ്ങൾ ഉപയോഗിച്ച് ഇത്തരം തൊഴിൽ ചെയ്യുന്നവർക്ക് ഇപ്പോൾ നിർദ്ദേശിച്ച ചാർജ്ജ് അമിതഭാരമാകുമെന്നുറപ്പാണ്.
ഇത് നടപ്പിലാവുകയാണെങ്കിൽ രാജ്യത്തെ ഓട്ടോമോട്ടീവ് മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. അതേസമയം ഇത്തരത്തിൽ ചാർജ്ജ് ഈടാക്കുന്നത് കാരണം പലരും റെന്റ് എ കാർ കന്പനികളിൽ നിന്ന് വാഹനം എടുക്കുന്നതിന് കാരണമായേക്കും. അതോടൊപ്പം പൊതുഗതാഗത സംവിധാനം സജീവമാക്കാനും അനധികൃത ടാക്സി ഇല്ലാതാക്കാനും പുതിയ ശുപാർശ ഗുണകരമാകുമെന്നാണ് കമ്മിറ്റിക്കു മുന്പാകെ ഇക്കാര്യം അവതരിപ്പിച്ച പാർലമെന്റ് അംഗങ്ങൾ വിലയിരുത്തുന്നത്.


