വളയം പിടിക്കാൻ വലിയ കടന്പ : ഗതാഗത നിയമം പരിഷ്കരിക്കാൻ ശുപാർശ
മനാമ : പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ 500 ദിനാർ അടയ്ക്കണമെന്ന ശുപാർശ പാർലമെന്റിന്റെ വിദേശകാര്യ പ്രതിരോധ സുരക്ഷാ കമ്മിറ്റി അവതരിപ്പിച്ചു. ഇതിനു വേണ്ടി 2014 ലെ ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താനും പാർലമെന്റ് അംഗങ്ങൾ ശുപാർശ ചെയ്തു. ഇത് കൂടാതെ ഓരോ വർഷവും ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് 50 ദിനാർ വീതം പ്രവാസി ഡ്രൈവർമാർ പുതുക്കൽ ചാർജ്ജായി നൽകേണ്ടി വരും. നിലവിൽ സ്വദേശികൾക്കും വിദേശികൾക്കും ഡ്രൈവിംഗ് ലൈസൻസ് ഫീസ് പുതുക്കാൻ അഞ്ചു വർഷത്തേയ്ക്ക് 20 ദിനാറാണ് നൽകേണ്ടി വരുന്നത്. പുതിയ തീരുമാനത്തോടെ അഞ്ച് വർഷത്തേയ്ക്ക് അത് 250 ദിനാറായി മാറും. ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്നവർക്കും ജിസിസി പൗരത്വം ഉള്ളവർക്കും പുതുക്കുന്ന നിരക്ക് ബാധകമാകില്ല. 500 ദിനാറെങ്കിലും ലൈസൻസിന് വേണ്ടി മുടക്കാൻ സാധിക്കാത്തവർ കന്പനി വാഹനങ്ങളോ പൊതു ഗതാഗത സംവിധാനമോ ഉപയോഗിക്കണമെന്ന് വിദേശകാര്യ പ്രതിരോധ സുരക്ഷാ കമ്മിറ്റി ചെയർമാൻ അബ്ദുള്ള ബിൻ ഹുവാലി അഭിപ്രായപ്പെട്ടു.
വാഹനം സ്വന്തമായി ആവശ്യമില്ലാത്ത നിരവധി വിദേശികൾ ഡ്രൈവിംഗ് ലൈസൻസ് സന്പാദിച്ച് അനധികൃത ടാക്സി സർവ്വീസുകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുള്ള വിദേശികൾ അധികമായുള്ള ഓരോ വാഹനത്തിനും പ്രതിമാസം 50 ദിനാർ വീതം മന്ത്രാലയത്തിൽ ഫീസ് ആയി അടക്കണമെന്നുള്ള നിർദ്ദേശവും പാർലമെന്റ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട് .


