ഇന്ത്യ ഇസ്രയേലുമായുള്ള മിസൈൽ കരാർ റദ്ദാക്കി
ന്യൂഡൽഹി : ഇസ്രയേലുമായുള്ള 500 മില്യൺ ഡോളറിന്റെ ആയുധക്കരാർ ഇന്ത്യ റദ്ദാക്കി. മിസൈലുകൾ നിർമിക്കാൻ ഇസ്രയേലിലെ റാഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റവുമായുണ്ടാക്കിയ കരാരാണ് പ്രതിരോധ മന്ത്രാലയം റദ്ദാക്കാൻ തീരുമാനിച്ചത്. പ്രതിരോധ ഗവേഷണ, വികസന സംഘടനയോട് (ഡി.ആർ.ഡി.ഒ) മിസൈലുകൾ പൂർണമായും ആഭ്യന്തരമായി നിർമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
സൈന്യത്തിനു വേണ്ടി എം.പി.എ.റ്റി.ജി വിഭാഗത്തിൽപ്പെട്ട മിസൈലുകൾ നിർമിക്കാൻ സംയുക്ത സഹകരണത്തിനുള്ള കരാറിനാണ് കഴിഞ്ഞ വർഷം ധാരണയായത്. ഇതനുസരിച്ച് റാഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റവും ഇന്ത്യയിലെ കല്യാണി ഗ്രൂപ്പും ഹൈദരാബാദിൽ ഫാക്ടറിയും സ്ഥാപിച്ചു. കഴിഞ്ഞ ആഗസ്തിലായിരുന്നു ഈ ഫാക്ടറിയുടെ ഉദ്ഘാടനം.
മിസൈൽ നിർമാണത്തിൽ മറ്റൊരു രാജ്യവുമായുള്ള സഹകരണം ഡി.ആർ.ഡി.ഒ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന ആയുധ നിർമാണ പദ്ധതികളെ ബാധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു. ഇസ്രയേലിന്റെ സ്‌പൈക് മിസൈലുകളോടു കിടപിടിക്കുന്ന തരത്തിൽ മൂന്നോ നാലോ വർഷത്തിനുള്ളിൽ എം.പി.എ.റ്റി.ജി മിസൈലുകൾ ഇന്ത്യക്കു നിർമിക്കാൻ കഴിയുമെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.
സംയുക്തസംരംഭത്തിനുള്ള സാന്പത്തിക സഹകരണം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത് 2015ലാണ്. 2016 ജൂണിൽ ഇക്കാര്യത്തിൽ ധാരണയിലെത്തി. പിന്നീട് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ, മിസൈലുകൾ ആഭ്യന്തരമായി നിർമിക്കുന്നതിന്റെ സാധ്യത ആരായാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം.


