വിലക്കയറ്റം തടയുന്നതിന് നടപടി സ്വീകരിക്കും : പ്രധാനമന്ത്രി
മനാമ : വിലക്കയറ്റം തടയുന്നതിനായി ഉൽപ്പന്നങ്ങളുടെ വിലയിൽ വ്യാപാരികൾ കൃത്രിമം കാണിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വാണിജ്യ−വിനോദസഞ്ചാര വകുപ്പിന് നിർദ്ദേശം നൽകി. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ ഗുദൈബിയ പാലസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മൂല്യവർദ്ധിത നികുതി (വാറ്റ്) നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ ചില വ്യാപാര സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ പൂഴ്ത്തിവെച്ചിട്ടുണ്ട്. ഏകീകൃത നികുതി വ്യവസ്ഥയുടെ ഭാഗമായി ഊർജ്ജ പാനീയങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയുടെ വിലയിൽ ഇരട്ടി വർദ്ധനവ് ഉണ്ടാകും. വിലക്കയറ്റം, ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി, പൂഴ്ത്തിവെപ്പ് തടയൽ എന്നിവ സംബന്ധിച്ച് വാണിജ്യ − വിനോദസഞ്ചാര മന്ത്രാലയത്തിന് പ്രധാനമന്ത്രി നിർദ്ദേശം നൽകിയതായി ക്യാബിനറ്റ് ജനറൽ സെക്രട്ടറി ഡോ. യാസർ ബിൻ ഇസ അൽ നാസർ ഇന്നലെ ഒരു പ്രസ്താവനയിൽ അറിയിച്ചു.
ബഹ്റൈനിലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് രാജ്യത്തെ വിവിധ മേഖലകളിലുള്ള കോൾഡ് സ്റ്റോറുകളുടെയും കടകളുടേയും ഉടമകളായ 21 വ്യക്തികൾക്ക് നിയമ നടപടികൾ നേരിടേണ്ടി വരുന്നതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒട്ടേറെ പ്രാദേശിക വ്യാപാര സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചില ഉൽപ്പന്നങ്ങളുടെ നികുതി 100 ശതമാനം വരെ ഉയരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.


