വി­ഐപി­കളു­ടെ­ സാ­രഥി­ സലിം വി­രമി­ക്കു­ന്നു­


രാജീവ് വെള്ളിക്കോത്ത് 

 

മനാമ : സ്വന്തം രാജ്യത്തിന് വേണ്ടി മറ്റൊരു രാജ്യത്തു നിന്ന് നീണ്ട 30 വർഷം സേവനമനുഷ്ഠിക്കുക എന്ന ഭാഗ്യം അപൂർവ്വം വ്യക്തികൾക്ക് മാത്രമേ ലഭിക്കാറുള്ളൂ. ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ചരിത്രത്തിൽ തന്നെ ഇവിടെയെത്തുന്ന അംബാസഡർമാർ പോലും പരമാവധി മൂന്ന് വർഷമാണ് ഇവിടെ ഇന്ത്യൻ‍ പ്രവാസികളുടെ ആവശ്യങ്ങൾ‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്നത്. എന്നാൽ കഴിഞ്ഞ 30 വർഷക്കാലമായി എല്ലാ ഇന്ത്യൻ അംബാസഡർ‍മാരുടെയും വാഹനത്തിന്റെ സാരഥിയായി 30 വർഷക്കാലമായി വളയം പിടിക്കുന്ന ഒരാളുണ്ട്. കൊല്ലം കുളത്തൂർപുഴ സ്വദേശി സലിം അബ്ദുൾ മജീദ് എന്ന, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സലീമിക്ക. നീണ്ട പ്രവർത്തന കാലയളവിന് ശേഷം സലീം ജന്മനാട്ടിലേയ്ക്ക് മടങ്ങുകയാണ്. 

ഇവിടെ ഒരു കന്പനിയിൽ ജോലി ചെയ്തിരുന്ന സഹോദരന്‍മാരുടെ സഹായത്തോടെയാണ് 21ാമത്തെ വയസ്സിൽ സലീം ബഹ്റൈനിൽ എത്തിയത്. 1978ൽ ബഹ്‌റൈൻ പ്രവാസിയായി ജീവിതമാരംഭിച്ച സലിം ആദ്യം കുവൈത്ത് എംബസിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തു. പിന്നീട് ഒരു കന്പനിയിൽ ഇന്റീരിയർ സൂപ്പർവൈസറായി ജോലി ചെയ്തു. ഇതിന് ശേഷം 1987 മുതൽ ഇന്ത്യൻ അംബാസഡർമാരുടെ ഔദ്യോഗിക ഡ്രൈവറായി സേവനമനുഷ്ഠിച്ച് വരികയാണ്. ഡ്രൈവറായി ജോലി ആരംഭിക്കുന്നതിന് ഒരു വർ‍ഷം മുൻപ് തന്നെ എംബസിയിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചിരുന്നുവെങ്കിലും ഓഫീസ് മുറിയിൽ ഇരിക്കാൻ അധികം താൽപ്പര്യമില്ലാത്തതു കൊണ്ടും വാഹനമോടിക്കുക എന്നത് ജോലി എന്നതിൽ ഉപരി ഒരു ഹരമായിമാറിയതുകൊണ്ടും സലിം വിഐ പികളുടെ സാരഥിയായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ സലിം വിഐപി വേഷത്തിൽ മാത്രമേ ഡ്യൂട്ടിയിൽ ഉണ്ടാകാറുള്ളൂ. 

മലയാളിയായ മുരളീധരമേനോനോടൊപ്പമായിരുന്നു ആദ്യത്തെ ഡ്യൂട്ടി എന്നത് വലിയ അനുഗ്രഹമായി. അദ്ദേഹവുമായി പിന്നീട് നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹം മരിക്കുന്നതുവരെയും ആശയവിനിമയം നടത്തിയിരുന്നതായും സലിം ഓർ‍മ്മിക്കുന്നു. കൃത്യനിഷ്ഠയാണ് സലീമിനെ അംബാസഡർ‍മാരുടെ പ്രിയപ്പെട്ട ഡ്രൈവർ ആക്കി മാറ്റിയത്. ചിലപ്പോഴൊക്കെ അംബാസഡർമാർ സമയ നിഷ്ഠ പാലിക്കാതെ വന്നാൽ ചെറുതായി അവരെ ഓർമ്മപ്പെടുത്താനും സലീമിന് സ്വാതന്ത്ര്യമുണ്ട്. 

അംബാസഡർമാരെ കൂടാതെ ഇന്ത്യയിൽ നിന്നും ബഹ്റൈന്റെ ആതിഥ്യം സ്വീകരിച്ച് വരുന്ന പല പ്രമുഖർക്കും സാരഥിയായി പോകാൻ കഴിഞ്ഞത് തന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും സലിം പറയുന്നു. മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി പ്രതിപക്ഷ നേതാവായിരുന്ന സമയത്തു ബഹ്റൈനിൽ അഞ്ച് ദിവസത്തോളം സന്ദർശനം നടത്തിയിരുന്നപ്പോൾ എല്ലാ ദിവസവും സലിം ആയിരുന്നു അദ്ദേഹത്തിന്റെ സാരഥിയായത്. അതുപോലെ തന്നെ മുൻ പ്രധാനമന്ത്രി ഐകെ ഗുജ്റാളിനോടൊപ്പവും മൂന്നു ദിവസം സഞ്ചരിച്ചതായി സലിം ഓർക്കുന്നു. മുരളീധരമേനോൻ മുതൽ നിലവിലെ അംബാസഡർ അലോക് കുമാർ സിൻഹ വരെയുള്ള 9 അംബാസഡർ‍മാരും തന്നോട് നല്ല സൗഹൃദമാണ് കാത്തു സൂക്ഷിച്ചിരുന്നതെന്ന് സലിം പറഞ്ഞു. ഇതുവരെയും ആർക്കും തന്നോട് ദേഷ്യപ്പെടാനുള്ള അവസരം കൊടുത്തിട്ടില്ല. ജോലിയിൽ ഇതുവരെ മടുപ്പ് അനുഭവപ്പെട്ടിട്ടില്ലെങ്കിലും വിരമിക്കാൻ സമയമായതു കൊണ്ട് മാത്രമാണ് പിരിഞ്ഞു പോകുന്നതെന്ന് സലിം പറയുന്നു. പ്രവാസജീവിതം തനിക്കു ജീവിതത്തിൽ നല്ലതു മാത്രമേ സമ്മാനിച്ചിട്ടുളൂ. ഭാര്യ സലീന. മൂന്നു മക്കളും എൽകെജി തൊട്ടു പഠിച്ചു വളർന്നത് ബഹ്റൈനിൽ തന്നെ. മൂത്ത മകൾ സൽമാ ഫാത്തിമാ സലിം. (എം ടെക് ഗോൾഡ് മെഡലിസ്റ്റ്) ഇപ്പോൾ ബഹ്റൈനിൽ ഭർ‍ത്താവ് സജീബിനും (എംഎസ്ഇബി എഞ്ചിനിയർ) മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുന്നു. രണ്ടാമത്തെ മകൾ സഫ്ന ഫാത്തിമാ സലിം ഇൻഡസ്ട്രിയൽ എഞ്ചിനിയറിംഗ് കഴിഞ്ഞതിനു ശേഷം ഹൈദരാബാദിൽ എൻജിഒ ആയി ജോലി നോക്കുന്നു. ഭർത്താവ് സാജിദ് ഇബ്രാഹിം (എഞ്ചിനിയർ). മൂന്നാമത്തെ മകൻ മുഹമ്മദ് സൽമാൻ സലിം ബഹ്‌റൈനിൽ ആരിഫ് സാദിഖ് കൺസൾട്ടൻസിയിൽ എഞ്ചിനീയറാണ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം നാട്ടിലേയ്ക്ക് പോയി ബഹ്റൈനിൽ തന്നെ തിരികെയെത്തുമെന്നും ബഹ്റൈൻ വിട്ടുപോകാൻ മനസ്സു വരുന്നില്ലെന്നും സലിം പറയുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed