മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
കൊച്ചി : മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേരളാ യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കവെ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഹർജിയും സി.പി.ഐ മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോടതിയുടെ പരാമർശത്തോടെ മുഖ്യമന്ത്രിക്ക് തുടരാനുള്ള അവകാശം നഷ്ടമായെന്നും തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലംനികത്തലും പുറന്പോക്ക് കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രിയായിരുന്ന തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയത്, മന്ത്രിസഭാ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്നായിരുന്നു വിലയിരുത്തൽ. ഒരു മന്ത്രിക്ക് സ്വന്തം സർക്കാരിനെയോ മുഖ്യമന്ത്രിയേയോ വിശ്വാസം ഇല്ലെന്നാണെങ്കിൽ ഇതുതന്നെ അയോഗ്യതയ്ക്ക് കാരണമാണെന്നും സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.
അതിനിടെ മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാർക്കെതിരെ ഹൈകോടതിയിൽ ഹർജി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ, ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ, വനം മന്ത്രി കെ. രാജു എന്നിവർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ട് നിന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിനിമാ പ്രവർത്തകനായ ആലപ്പി അഷ്റഫാണ് ഹർജി സമർപ്പിച്ചത്. നയപരമായ തീരുമാനം എടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി ഇവരെ വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.


