പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു : പ്രതി കുറ്റം സമ്മതിച്ചു

മനാമ : എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ 22 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബുദൈയ്യയിലെ തന്റെ വീടിന് മുന്പിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഉടൻതന്നെ കുട്ടിയുടെ പിതാവ് പോലീസിനെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്ക് ഇടത് കൈയിലും വലത് തുടയിലും നഖക്ഷതം ഏറ്റിട്ടുണ്ട്. പ്രതി സുഹൃത്തിന്റെ സഹായത്തോടെ പെൺകുട്ടിയെ തിരികെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു. ഒരു ചുവന്ന വാഹനത്തിൽ ഒരാൾ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി അന്വേഷണച്ചുമതലയുള്ള വടക്കൻ ഗവർണറേറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ക്യാപ്റ്റൻ തുർകി അൽ മജിദ് പറഞ്ഞു.
എല്ലാ തെളിവുകളും ശേഖരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അന്വേഷണ സംഘം രൂപീകരിച്ചു. ചുവന്ന വാഹനങ്ങൾ തിരഞ്ഞും അത്തരം വാഹനങ്ങൾ ഓടിക്കുന്നവരെ ചോദ്യം ചെയ്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നിടത്ത്നിന്നും വാടകയ്ക്കെടുത്തതാണെണെന്നും ഫോൺ നന്പറും അഡ്രസും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇവിടെനിന്നും എളുപ്പത്തിൽ ലഭിക്കുമെന്നും തുർകി അൽ മജിദ് കൂട്ടിച്ചേർത്തു. പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തട്ടിക്കൊണ്ടുപോയതായി സമ്മതിച്ചു. ഈ സമയത്ത് താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പ്രതി പറഞ്ഞു. തന്റെ വിരലടയാളങ്ങൾ പെൺകുട്ടിയുടെ വസ്ത്രത്തിൽ പതിഞ്ഞതിനാൽ വസ്ത്രങ്ങൾ മാറ്റാൻ താൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടതായും പ്രതി പറഞ്ഞു.