മന്ത്രാലയം നൽകിയ ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരെ സ്കൂൾ കുട്ടികളുടെ യാത്ര ആവശ്യങ്ങൾക്കായി നിയോഗിക്കരുതെന്ന് അധികൃതർ

പ്രദീപ് പുറവങ്കര
മനാമ l വേനലവധിക്ക് ശേഷം തുറക്കാനിരിക്കുന്ന സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഗതാഗത പദ്ധതികളും ബോധവത്കരണ പരിപാടികളും ട്രാഫിക്ക് മന്ത്രാലയം അധികൃതർ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി വിദ്യാർഥികളെ കയറ്റിവിടുന്ന സ്കൂൾ ബസുകളിലെ ഡ്രൈവർമാർക്ക് ആവശ്യമായ ലൈസൻസുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. മന്ത്രാലയം നൽകിയ ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരെ കുട്ടികളുടെ യാത്ര ആവശ്യങ്ങൾക്കായി നിയോഗിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസ് ഇല്ലാത്ത വാഹനങ്ങളിലുള്ള വ്യക്തികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിദ്യാർഥികളുടെ സുരക്ഷക്ക് മുൻഗണന നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഡയറക്ടർ ജനറൽ മേജർ ജനറൽ ശൈഖ് അബ്ദുർറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ വ്യക്തമാക്കി.തിരക്കേറിയ സമയങ്ങളിൽ ഗതാഗതം സുഗമമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിലെ അറ്റകുറ്റപ്പണികളും ക്ലാസ് മുറികളിൽ ഊർജക്ഷമതയുള്ള എയർ കണ്ടീഷണറുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പൂർത്തിയാക്കിയതായി അറിയിച്ചു.
xgfg