ദി­നേശ് കു­റ്റി­യിൽ ബഹ്‌റൈൻ പ്രവാ­സം അവസാ­നി­പ്പി­ക്കു­ന്നു­


രാജീവ് വെള്ളിക്കോത്ത്

മനാമ : നാടകവേദിയിൽ പല കഥാപാത്രങ്ങൾക്കും ഭാവപ്പകർച്ച പകർന്നാടിയ കലാകാരൻ ദിനേശ് കുറ്റിയിൽ പ്രവാസലോകത്തോട് വിട പറയുന്നു. ബഹ്‌റൈനിലെ നാടകാസ്വാദകർക്ക് ചിരപരിചിതമായ ഈ കലാകാരൻ തന്റെ സർഗ്ഗസൃഷ്ടിപരമായ കഴിവ് ബഹ്‌റൈൻ നാടകവേദിക്കും പുതിയ തലമുറയ്ക്കും ഒട്ടേറെ പകർന്നു നൽകിയാണ് മടങ്ങുന്നതെങ്കിലും അഭിനയത്തിന്റെ ആവനാഴിയിൽ അന്പുകൾ ഏറെ ബാക്കിയുള്ള ഈ പ്രതിഭയുടെ മടക്കം  ബഹ്‌റൈനിലെ കലാസ്വാദകർക്ക് അൽപ്പം നിരാശ സമ്മാനിക്കുമെന്ന് തീർച്ചയാണ്. അദ്ദേഹം അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത നാടകങ്ങളും  വിവിധ കഥാപാത്രങ്ങളും അത്രയേറെ ബഹ്‌റൈനിലെ സഹൃദയരുടെ മനസ്സിൽ സ്‌ഥാനം പിടിച്ചിട്ടുണ്ട്.

വടകര താലൂക്കിൽ വില്ല്യാപ്പള്ളി പഞ്ചായത്തിലെ അമരാവതിയിൽ ഒരു യാഥാസ്ഥിതിക നായർ കൂട്ടുകുടുംബത്തിൽ ജനിച്ച ദിനേശ്  എട്ടാം തരത്തിൽ പഠിക്കുന്പോഴാണ് ആദ്യമായി ഭ്രാന്തൻ വേഷത്തിൽ പ്രച്ഛന്ന വേഷ മത്സരത്തിനായി വേദിയിൽ എത്തുന്നത്. അവിടെ നിന്ന് അഭിനയിക്കാൻ തുടങ്ങിയ കലാജീവിതത്തിൽ പിന്നീട് ലഭിച്ചത് ഓരോ കഥാപാത്രങ്ങളായിരുന്നു.  യുവജനോത്സവത്തിന്  ‘പെരുന്തച്ച’നിലെ പെരുന്തച്ചൻ്റെ മകനായിട്ടായിരുന്നു നാടകത്തിലെ അരങ്ങേറ്റം. നാടകമായാലും ഏകാഭിനയമായാലും  സമ്മാനങ്ങൾ ഏറെ വാരിക്കൂട്ടിയ സ്‌കൂൾ ജീവിതം ദിനേശനെ പിന്നീട്  എത്തിച്ചത് നാടക വേദികളിൽ ആയിരുന്നു.  നാടക ഗുരുനാഥൻ ജയൻ തീരുമന രചനയും സംവിധാനവും നിർവ്വഹിച്ച ‘ശാപമോക്ഷവും കാത്ത്’, ‘വിമർശസദ്ധി’ എന്നീ നാടകങ്ങൾ പുരസ്‌കാരങ്ങൾ വാരി കൂട്ടിയപ്പോഴെല്ലാം നല്ല നടനായി ദിനേശ് തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ 100−ൽ പരം നാടകങ്ങൾ 1000−ത്തിൽ അധികം വേദികളിൽ  അന്പലപ്പറന്പുകളിലും കലാ മത്സരവേദികളിലും അമേച്വർ നാടകവേദികളിലും  പ്രഫഷണൽ നാടകങ്ങളിലുമായി അരങ്ങേറി. നാടകപ്രവർത്തകൻ മനോജ് നാരായണൻ, ജയൻ തീരുമന, രാജേന്ദ്രൻ തായാട്ട്, തൃശ്ശൂർ വിശ്വം, വിജയൻ ആയാടത്തിൽ ശശീന്ദ്രൻ വടകര, രാജൻ കിഴക്കേമല,  വി. വത്സൻ, കടത്തനാട്ട് മോഹൻ, അജിത് പ്രസാദ്, തുടങ്ങിയ പ്രശസ്തരുടെ രചനയിലും സംവിധാനത്തിലും നിരവധി അമേച്വർ പ്രഫഷണൽ നാടകങ്ങളിൽ  പങ്കെടുക്കാനും  ഭാഗ്യമുണ്ടായി. വടകര സീന്ദൂര, കോഴിക്കോട് കലാഭവൻ, ഇരിട്ടീ ഗാന്ധാര, കോഴിക്കോട് സോമ, കോഴിക്കോട് രംഗഭാഷ തുടങ്ങിയ പ്രഫഷണൽ നാടക ട്രൂപ്പുകളിൽ തീരുവനന്തപുരം മുതൽ കാസർഗോഡ് വരെ നിരവധി അരങ്ങുകളാണ് ദിനേശ് ആടിത്തീർത്തത്. എട്ടു വർഷം പ്രഫഷണൽ നാടക രംഗത്ത് സജീവമായിരുന്നു. പിന്നീടാണ് 12 വർഷം മുന്പ് നാടകം ജീവിതത്തിൽ സന്പാദനത്തിനുള്ള വഴിയില്ലെന്ന് തിരിച്ചറിഞ്ഞ് കലാജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തിൽ  ബഹ്റൈൻ മണ്ണിൽ കാലുകുത്തിയത്. രണ്ടു വർഷം  ഹമദ് ടൗണിൽ  ഒരു ഒഴിഞ്ഞ മൂലയിലെ കടയിൽ ജോലി ചെയ്തു കഴിച്ചു കൂട്ടി. പിന്നീട് ഒരു നിയോഗം പോലെ വീണ്ടും കലാ ജീവിതം തിരിച്ചു കിട്ടുകയായിരുന്നു. ദേവ് ജി കന്പനിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലെ ‘മൈം’ ആയിരുന്നു ഇവിടുത്തെ ആദ്യ അരങ്ങേറ്റം.പിന്നീടങ്ങോട്ട് മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ദിനേശ് അരങ്ങു തകർക്കുകയായിരുന്നു. ദാമു കോറോത്തിന്റെ സംവിധാനത്തിൽ  ‘ആയിഷ’ എന്ന നാടകമായിരുന്നു ബഹ്റൈനിലെ  ആദ്യ നാടകം. ബഹ്റൈൻ കേരളീയ സമജത്തിനകത്തും പുറത്തുമായി നിരവധി നാടകങ്ങൾ, കോമഡി ഷോ, മൈം ഷോ, മിമിക്രി േസ്റ്റജ് പ്രോഗ്രാമുകൾ തുടങ്ങി അരങ്ങുകൾ ദിനേശ് സജീവമാക്കി. 21 നാടകങ്ങളും ആറോളം േസ്റ്റജ് പ്രോഗ്രാമുകളും സംവിധാനം ചെയ്തു, അഞ്ചു റേഡിയോ നാടകങ്ങളിലും, അഞ്ചു ഷോർട്ട് ഫിലിമുകളിലും ഒരു സിനിമയിലും ദിനേശ് തന്റെ സാന്നിദ്ധ്യം അറിയിച്ചു. സമാജം, ഇന്ത്യൻ സ്കൂൾ, കെസിഎ എന്നിവിടങ്ങളിലെ ബാലകലോത്സവങ്ങളിൽ  മോണോ ആക്ട്, മൈം, ഫാൻസിഡ്രസ്സ് എന്നീ ഇനങ്ങളിൽ ദിനേശ് പരിശീലനം നൽകി സമ്മാനാർഹരായവർ നിരവധി. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ 3 പ്രാവശ്യം മികച്ച നടൻ ആയിരുന്നു. റേഡിയോ നാടക മത്സരത്തിനു 4 പ്രാവശ്യം മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചു.

പത്തു വർഷമായി അവാൽ ഗൾഫ് മാനുഫേക്ചറിങ്ങ് എന്ന എസി  അസബ്ലീംഗ് കന്പനിയിലാണ് ദിനേശ് ജോലി ചെയ്യുന്നത്. കാലത്ത് 6.30ന് തുടങ്ങി  വൈകീട്ട് 6.30 വരെയുള്ള ജോലി കഴിഞ്ഞ് രാത്രി ഏഴുമണി മുതൽ  പതിനൊന്നു മണി വരെ ഉള്ള സമയങ്ങളിലാണ്  കലയെ  ഉപാസിച്ച ഈ യുവാവ് നാടക പ്രവർത്തനത്തിനുള്ള സമയം കണ്ടെത്തിയത്. സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ സിത്രയിൽ നിന്നും സമാജത്തിലേക്ക് ഉള്ള യാത്ര ഒരു പറ്റം സുഹൃത്തുക്കളുടെ നിഷ്‌ക്കളങ്കമായ സേവനമായിരുന്നു എന്നത് നന്ദിയോടെ ദിനേശ് അനുസ്മരിക്കുന്നു.

 അശ്വമേധത്തിലെ കുഷ്ഠരോഗി, ടിപ്പുവിന്റെ ആർച്ചയിലെ പാണൻ, മരുഭൂമിയിലെ ഇലകളിലെ അബ്ദുക്ക, കുറിയേടത്ത് താത്രിയിലെ മൂന്ന് വേഷങ്ങൾ അമ്മത്തൊട്ടിലിലെ സത്യൻ,  ‘കനലാട്ട’ത്തിലെ മാധവൻ, ‘ആണുങ്ങളില്ലാത്ത വീട്ടിലെ’ ഗോവിന്ദൻ, ‘ചോരണകൂര’യിലെ കാന്തൻ, ‘സ്വപ്നവേട്ട’യിലെ കണ്ണൻ തെയ്യം, ‘ബീരിയാണി’യിലെ അസ്സനാർച്ച, തുടങ്ങിയവയെല്ലാം ബഹ്‌റൈൻ നാടകാസ്വാദകർക്ക് ദിനേശ് നൽകിയ കഥാപാത്രങ്ങളാണ്. കൈരളി ടിവിയിലെ ‘ഡെസേർട്ട് സ്കാനിലെ’, ജാനു തമാശകളിലെ ‘കേളപ്പേട്ടൻ’ എന്ന കഥാപാത്രമാകാനും ദിനേശിന് കഴിഞ്ഞിട്ടുണ്ട്. 

അച്ഛൻ മരിച്ച ദിനംതൊട്ട് പതിനൊന്നു ദിവസവും നാടകം കളിക്കേണ്ടി വന്നതും വിവാഹ പിറ്റേന്നു പത്തുനാൾ നാടകത്തിനു പോയതും മകൾ ജനിച്ച് ഒരു നോക്ക് കണ്ടിറങ്ങി നാടകത്തിനു പോകേണ്ടി വന്നതുമെല്ലാം കലാലോകത്തെ പൊള്ളുന്ന അനുഭവങ്ങളായി മനസിലോർക്കുന്ന ദിനേശ് ഇനിയുള്ള ജീവിതം കുടുംബത്തോടൊപ്പം നാട്ടിൽ ജീവിക്കണമെന്നും ഓപ്പം തന്റെ നാടക ജീവിതം നാട്ടിലേയ്ക്കും പറിച്ചു നടണമെന്ന് ആഗ്രഹിച്ചാണ് മടങ്ങുന്നത്. അനിലയാണ് ദിനേശിന്റെ ഭാര്യ. മക്കൾ ദിയയും അലനും. സഹോദരങ്ങൾ ദിജീഷ്, ദീപ, ദിലീപ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed