കേന്ദ്ര മന്ത്രിയുൾപ്പെടെ 714 പേരുടെ കള്ളപ്പണ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : കേന്ദ്രമന്ത്രി ജയന്ത് സിൻഹ, ബി.ജെ.പി രാജ്യസഭ എം.പി ആർ.കെ സിൻഹ എന്നിവരുൾപ്പെടെ കള്ളപ്പണ നിക്ഷേപകരായ 714 ഇന്ത്യക്കാരുടെ പേര് വിവരങ്ങൾ പുറത്ത്. ജർമ്മൻ ദിനപത്രമായ സെഡ്യൂസെ സീറ്റംഗും അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്‍റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ അന്വേഷണമാണ് പുറത്ത് വിട്ടിരിക്കുന്നത്. ‘പാരഡൈസ് പേപ്പർ’ എന്നറിയപ്പെടുന്ന പുതിയ വിവാദ രേഖയിൽ കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവികൃഷ്ണ, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യ ദത്ത് എന്നിവരും ഉൾപ്പെടുന്നു.
ഇന്ത്യക്ക് പുറമെ 180 രാജ്യങ്ങളിൽ നിന്നുള്ള കള്ളപ്പണ നിക്ഷേപകരുടെ ലിസ്റ്റും ‘പാരഡൈസ് പേപ്പർ’ പുറത്തുവിട്ടിട്ടുണ്ട്. പുറത്തുവിട്ട പട്ടികയിൽ 19ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. പുറത്തുവിട്ട വിവരപ്രകാരം മിക്ക ഇന്ത്യക്കാരും കള്ളപ്പണ നിക്ഷേപം നടത്തിയത് ബർമുഡയിലെ ആപ്പിൾബൈ എന്ന നിയമസ്ഥാപനവുമായാണ്.
അതേസമയം റഷ്യൻ സ്ഥാപനത്തിന് ട്വിറ്ററിലും ഫേസ്ബുക്കിലുമുളള നിക്ഷേപവും, റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമർ പുടിന്റെ കുടുംബത്തേക്കുറിച്ചുമുള്ള വിവരങ്ങളും പുറത്തുവന്നവയിലുണ്ട്. ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്, യു.എസ് േസ്റ്ററ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ എന്നിവരുടെ പേരുകളും പാരഡൈസ് പേപ്പറിൽ പറയുന്നു.
ജയന്ത് സിൻഹ മാനേജിംഗ് ഡയറക്ടറായിരുന്ന ഒമിഡയാർ നെറ്റ്‌വർക്ക് അമേരിക്കൻ കന്പനിയായ ഡി ലൈറ്റ് ഡിസൈനിൽ നടത്തിയ നിക്ഷേപങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പാർലമെൻ്റ് അംഗമാകുന്നതിന് മുന്പ് ഒമിഡയാർ നെറ്റ്−വർക്ക് എന്ന സ്ഥാപനവുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ജയന്ത് സിൻഹ പറഞ്ഞു. ഇടപാടുകൾ നടത്തിയത് ഒമിഡയാറിെൻ്റ പ്രതിനിധി എന്ന നിലയിലാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി താൻ ആപ്പിൾബൈയുമായി ഇടപാടുകൾ നടത്തിയിട്ടില്ലെന്നും ജയന്ത് സിൻഹ വ്യക്തമാക്കി.