ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കാൻ സൗകര്യമില്ലാത്ത ഫ്ളാറ്റുകൾക്ക് ആവശ്യക്കാർ കുറയുന്നു

രാജീവ് വെള്ളിക്കോത്ത്
മനാമ : പാചക ഇന്ധനമായി ഗ്യാസ് അടുപ്പുകൾ ഒരുക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്ത ഫ്‌ളാറ്റുകളോട് പ്രവാസികൾ ഗുഡ് ബൈ പറയുന്നു. നിലവിൽ നിർമ്മിക്കുന്ന പല കെട്ടിടങ്ങൾക്കും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനുള്ള സൗകര്യം കെട്ടിട ഉടമകൾ ഒരുക്കുന്നില്ല. അവയ്ക്ക് പകരം ഇലക്ട്രിക് സ്റ്റൗവ് ഉപയോഗിച്ചാണ് ഇത്തരം ഫ്‌ളാറ്റുകളിൽ പാചകം നടത്തേണ്ടത്. അടുത്ത കാലത്ത് വൈദ്യുതി ചാർജ്ജിലുണ്ടായ കനത്ത വർദ്ധനവായതോടെ പാചകത്തിന് ഇലക്ട്രിക് സ്റ്റൗവ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികൾ.
കെട്ടിടങ്ങൾ നിർമ്മിക്കുന്പോൾ തന്നെ ഗ്യാസ് സിലിണ്ടറുകൾ െവയ്ക്കാനുള്ള സൗകര്യവും ഓരോ ഫ്‌ളാറ്റുകളില്ലേയ്ക്കുമുള്ള ഗ്യാസ് പൈപ്പുകളും നിർമ്മിച്ച് അധികൃതരിൽ നിന്ന് അനുവാദം വാങ്ങുന്ന കെട്ടിടങ്ങൾക്ക് മാത്രമേ ഇപ്പോൾ ഗ്യാസ് അടുപ്പുകൾ െവയ്ക്കാനുള്ള പെർമിഷൻ നൽകുന്നുള്ളൂ. എന്നാൽ, പുതിയ കെട്ടിടങ്ങളിൽ പോലും ഇത്തരത്തിലുള്ള സൗകര്യങ്ങൾ പലതിലും ഒരുക്കിയിട്ടില്ല. കൂടാതെ, താങ്ങാനാകാത്ത വാടകയാണ് ഫ്‌ളാറ്റുടമകൾ ഈടാക്കുന്നതെന്നും താമസക്കാർ പറയുന്നു.
പൊതുവെ സാന്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന സമയത്തെ അധികരിച്ച വൈദ്യുത ചാർജ്ജ് താങ്ങാൻ കഴിയാത്ത പ്രവാസികൾ പലരും കുറഞ്ഞ നിരക്കിലുള്ള ഫ്‌ളാറ്റുകളിലേയ്ക്ക് മാറുകയാണ്. പല ഫ്‌ളാറ്റുകളിലും ഷെയറിംഗ് അക്കൊമഡേഷൻ ഒരുക്കിയാണ് അധിക ചാർജ്ജിനെ ബാലൻസ് ചെയ്ത് നിർത്തുന്നത്. അതുകൊണ്ട് ഗ്യാസ് കണക്ഷൻ ഇല്ലത്തെ ഫ്‌ളാറ്റുകൾ എടുക്കാൻ ഇപ്പോൾ പ്രവാസികളാരും താല്പര്യം കാണിക്കുന്നില്ലെന്ന് അപ്പാർട്ട്മെന്റ് ബിസിനസ് നടത്തുന്ന ഒരു മലയാളി പറഞ്ഞു. നിരവധി ഫ്ളാറ്റുകൾ ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒഴിഞ്ഞ് കിടപ്പുണ്ട്. എന്നാൽ ഉള്ള ഫ്‌ളാറ്റുകൾ വിട്ട് വരാൻ ആരും തയ്യാറാകുന്നില്ല. അപ്പാർട്ട്മെന്റ് ബിസിനസ് രംഗത്തെ തട്ടിപ്പുകളും തങ്ങളുടെ ബിസിനസിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് വില്ലകൾ ആവശ്യപ്പെടുന്നവർ പോലും ഇപ്പോൾ താരതമ്യേന വാടക നിരക്ക് കുറഞ്ഞ ഫ്‌ളാറ്റുകൾ ആണ് ആവശ്യപ്പെടുന്നത്. സൗകര്യങ്ങൾ അൽപ്പം കുറഞ്ഞാലും വൈദ്യുതി ബില്ല് അധികരിക്കരുത് എന്നാണ് എല്ലാവരുടെയും ഡിമാൻഡ് എന്നും അദ്ദേഹം പറയുന്നു.
പ്രവാസികളിൽ മിക്കവർക്കും സ്വന്തം വാഹനങ്ങൾ ആയതോടെ പാർക്കിംഗ് ഇല്ലാത്ത ഫ്‌ളാറ്റുകൾക്കും ഇപ്പോൾ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. ബഹ്‌റൈനിലെ പൊതു റോഡുകളിലെ പാർക്കിങ് സ്ഥലങ്ങൾ മിക്കവയും പെയ്ഡ് പാർക്കിംഗ് ആക്കി മാറ്റിയതോടെ വാഹനം നിർത്തിയിടാൻ സ്ഥലസൗകര്യം അന്വേഷിച്ച് നട്ടം തിരിയുകയാണ്. പുതുതായി നിർമ്മിക്കപ്പെടുന്ന ഫ്‌ളാറ്റുകളിൽ പാർക്കിംഗ് ഏരിയകൾ പ്രത്യേകമായി ഒരുക്കിയിട്ടുണ്ടെങ്കിലും പാർക്കിംഗ് വാടക പ്രത്യേകമായി ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. വൈദ്യുതി ചാർജ്ജ്, പാർക്കിംഗ് ഫീസ് എന്നീ ഇനത്തിലും ഇപ്പോൾ നല്ലൊരു തുകയാണ് വീട്ടുടമയ്ക്ക് ചിലവാക്കേണ്ടി വരുന്നത്. ഇതെല്ലം കൊണ്ട് തന്നെ ഇനി ഇലക്ട്രിക് സ്റ്റൗവ് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ഫ്‌ളാറ്റുകൾ പ്രവാസികൾ കൈയ്യൊഴിയാനാണ് സാധ്യത.