മലപ്പുറം പാസ്‌പോർട്ട് ഓഫീസ് അടച്ചു പൂട്ടലിനെതിരെ ബഹ്റൈൻ കെ.എം.സി.സി

മനാമ : മലപ്പുറത്തെ പാസ്‌പോർട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം പുനഃപരിശോധിക്കണമെന്നും കേന്ദ്രസർക്കാരിന്‍റെ ഈ ജനദ്രോഹ നടപടിക്കെതിരെ സംസ്ഥാന സർക്കാരും ജനപ്രതിനിധികളും രംഗത്തിറങ്ങി ശക്തമായി പ്രതികരിക്കണമെന്നും ബഹ്റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവുമധികം പ്രവാസികളുള്ള ജില്ലയിലെ പാസ്‌പോർട്ട് ഓഫീസ് പൂട്ടിയാൽ പുതിയ പാസ്‌പോർട്ട് അപേക്ഷിക്കാനും പഴയത് പുതുക്കാനും കോഴിക്കോട് പോകേണ്ടി വരും. കോഴിക്കോട് പാസ്‌പോർട്ട് ഓഫിസ് ഇപ്പോൾ തന്നെ നാല് ജില്ലകളെ ഉൾക്കൊള്ളുന്നതാണ്. പുതിയ സാഹചര്യത്തിൽ നിലവിലുള്ള ഓഫീസിന് മേൽ അധിക ഭാരം ചുമത്തലാകും അത്.
മലപ്പുറം ജില്ലയിൽ നിന്നും വർഷം തോറും രണ്ടരലക്ഷത്തോളം അപേക്ഷകർ ഈ ഓഫീസിലെത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളേയും പാസ്‌പോർട്ട് അപേക്ഷകരായ ഉദ്യോഗാർത്‍ഥികളേയും ജീവനക്കാരെയും ബാധിക്കുന്ന ഈ നടപടി പുനഃപരിശോധിക്കണം.
ഗൾഫ് വിമാനങ്ങൾ വെട്ടിക്കുറച്ചും വലിയ വിമാനങ്ങൾക്ക് പോകാനാകാതെയും കരിപ്പൂർ വിമാനത്താവളത്തിനോടും കേന്ദ്ര സർക്കാർ ജനദ്രോഹ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇത്തരം നിലപാടുകൾ ചോദ്യം ചെയ്യപ്പെടണമെന്നും അവ
പുനഃപരിശോധിക്കാനുള്ള സമ്മർദ്ദങ്ങളുണ്ടാകണമെന്നും ജില്ലാ കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.