അനധികൃത നോട്ടീസ് വിതരണത്തിന് നിയന്ത്രണം വരുന്നു : 1200 ദിനാർ വരെ പിഴ

മനാമ : അനുവാദമില്ലാതെ വാഹനങ്ങളിലും ഫ്‌ളാറ്റുകളിലും പരസ്യ നോട്ടീസുകൾ വിതരണം ചെയ്യുന്നതിനെതിരെ നടപടികൾ ആരംഭിച്ചു. മനാമ ക്യാപ്പിറ്റൽ ട്രസ്റ്റ് ബോർഡാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് കനത്ത പിഴ ഈടാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. ഇത് പ്രകാരം സൂപ്പർ, ഹൈപ്പർ, ഇലക്ട്രോണിക്ക് മാർക്കറ്റുകൾ, വിവിധ കലാ പരിപാടികൾ, ലോഞ്ചിങ്ങുകൾ തുടങ്ങിയവയുടെ ബഹുവർണ്ണ നോട്ടീസുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതും, പൊതുസ്ഥലങ്ങളിൽ പതിപ്പിക്കുന്നതും ഇനി ബുദ്ധിമുട്ടാകും. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന വ്യക്തികൾക്കും കന്പനികൾക്കുമാണ് പിഴയടയ്ക്കേണ്ടി വരിക. അനുവാദമില്ലാതെ ഇത്തരം ഫ്ളെയറുകളും ലീഫ് ലൈറ്റുകളും വിതരണം ചെയ്യുന്ന കന്പനികളിൽ നിന്ന് 1200 ദിനാർ പിഴയും വ്യക്തികളിൽ നിന്ന് 50 ദിനാർ മുതൽ 75 ദിനാർ വരെയും പിഴ ചുമത്താനാണ് തീരുമാനം. സംഘം ചേർന്ന് വിതരണം നടത്തുന്നവർക്ക് 300 ദിനാർ പിഴ ചുമത്തും. ഒരിക്കൽ പിഴ അടച്ചവർ വീണ്ടും ഇതേ പ്രവർത്തനം നടത്തുകയാണെങ്കിൽ പിഴ സംഖ്യ വീണ്ടും വർദ്ധിക്കും.
ഇപ്പോൾ പല കന്പനികളും അനധികൃതമായ രീതിയിലാണ് അവരുടെ പരസ്യ നോട്ടീസുകൾ ആളുകൾ തിങ്ങിപാർക്കുന്നയിടത്തും, പാർക്ക് ചെയ്ത കാറിന് മുകളിലും വെച്ച് വിതരണം ചെയ്യുന്നത്. ഇതിനെതിരെ ധാരാളം പരാതികൾ ഉയർന്നിരുന്ന സാഹചര്യത്തിലാണ് കർശ്ശന തീരുമാനം വന്നിരിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾ അവരുടെ പ്രമോഷനുകൾ ആളുകളെ അറിയിക്കുന്നതിനായാണ് ലീഫ് ലെറ്റുകൾ വിതരണം നടത്തി വരുന്നത്. പ്രമോഷനുകളും ഓഫറുകളും വർദ്ധിച്ചതും ഈ രംഗത്ത് മത്സരം മുറുകുകയും ചെയ്തതോടെ എല്ലാ ദിവസവും ലീഫ് ലെറ്റുകൾ വിതരണം ചെയ്യുന്ന അവസ്ഥ സംജാതമായി. വിതരണം ചെയ്യുന്നവർ എടുക്കുന്ന നോട്ടീസുകളുടെ എണ്ണം കണക്കാക്കി കമ്മീഷൻ വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പലരും വിതരണം ചെയ്യുന്നതിൽ കൂടുതൽ നോട്ടീസുകൾ എടുത്തുകൊണ്ടു പോവുകയും പല വീടുകളുടെയും മുന്നിൽ കെട്ടുകണക്കിന് നോട്ടീസുകൾ നിക്ഷേപിച്ചു പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. തിരക്ക് പിടിച്ച ട്രാഫിക് സിഗ്നലുകളിലും പൊതു നിരത്തുകളിലും ലീഫ് ലെറ്റുകൾ വിതരണം നടത്തുന്നത് പലപ്പോഴും ഗതാഗത തടസ്സത്തിനും, നിർത്തിയിട്ട കാറുകളുടെ മുൻവശം നിക്ഷേപിച്ചു പോകുന്ന ലീഫ് ലെറ്റുകൾ റോഡിലേയ്ക്ക് വലിച്ചെറിയുന്നത് വഴി ഓടകളിൽ ബ്ലോക്ക് ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. നോട്ടീസ് വിതരണക്കാർ പലരും ഫ്‌ളാറ്റുകളുടെ മുന്നിൽ ഇവ കൊണ്ടിടുന്നത് വീട്ടുകാരുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കുന്നുണ്ടെന്നും വീട്ടമ്മമാരും പറയുന്നു.
വിതരണം ചെയ്യുന്നത് കൂടാതെ പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിക്കുന്നതിനും പിഴ ചുമത്തുമെന്ന് ക്യാപിറ്റൽ ട്രസ്റ്റിസ് ബോർഡ് ചെയർമാൻ മുഹമ്മദ് അൽ കോസൈ പറഞ്ഞു. ഫ്‌ളാറ്റുകളിൽ പത്ര മാധ്യമങ്ങൾക്കായി െവച്ചിട്ടുള്ള ബോക്സുകളിലോ, അല്ലെങ്കിൽ കെട്ടിടങ്ങളിലെ സുരക്ഷാ ജീവനക്കാരൻ വശം ഏൽപ്പിക്കുകയോ ലെറ്റർ ബോക്സുകളിൽ നിക്ഷേപിക്കുകയോ ചെയ്യുന്നതിൽ തെറ്റില്ലെന്നും അധികൃതർ വ്യക്തമാക്കി. ലീഫ് ലെറ്റുകൾ, പ്രചാരണ പരസ്യങ്ങൾ, പരിപാടികളുടെ ബഹുവർണ്ണ പോസ്റ്ററുകൾ തുടങ്ങിയവ അനുവാദം കൂടാതെ ചുമരുകളിൽ പതിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം പരസ്യങ്ങൾക്കെതിരെയും നിയമ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം പത്രങ്ങൾ, മാഗസിനുകൾ എന്നിവ ഫ്‌ളാറ്റുകളിൽ വിതരണം നടത്തുന്നതിന് യാതൊരു തടസമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഒരു തീരുമാനം ഈ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേരുടെ തൊഴിലിനെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ആയിരങ്ങൾ മുതൽ അഞ്ച് ലക്ഷം വരെ ഫ്ളെയറുകൾ വിതരണം നടത്തുന്ന ചെറുകിട കന്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അവരുടെ പ്രധാന വരുമാന ശ്രോതസാണ് വിതരണ നിരോധനത്തിലൂടെ നഷ്ടമാകാൻ പോകുന്നത്. അതുപോലെ പ്രിന്റിങ്ങ് പ്രസുകൾക്കും ഇത് ദോഷകരമായി ബാധിക്കാനാണ് സാധ്യത.