ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു : നാല് പാനലുകൾ മത്സര രംഗത്തേയ്ക്ക്

രാജീവ് വെള്ളിക്കോത്ത്
മനാമ : ഗൾഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നായ ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂളിലേയ്ക്കുള്ള അടുത്ത മൂന്ന് വർഷത്തെ ഭരണസമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതോടെ ആരൊക്കെ ഏതൊക്കെ പാനലുകളിൽ മത്സരിക്കുമെന്നുള്ളതിന് ഏകദേശ ചിത്രം തെളിയുന്നു. ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവാസികൾ വളരെയേറെ ഗൗരവത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന ഒന്നാണ്. ഏറ്റവും കൂടുതൽ മലയാളികൾ പഠിക്കുന്ന സ്‌കൂളായതിനാൽ സ്‌കൂളിന്റെ ഭരണ നേതൃത്വം കുറച്ചു കാലങ്ങളിലായി മലയാളികളുടെ കൈകളിലാണ്. അതുകൊണ്ട്തന്നെ ഓരോ കാലഘട്ടത്തിലെയും ഭരണ സമിതികളുടെ വിജയം ബഹ്‌റൈനിലെ മലയാളി സമൂഹത്തിലെ സാമൂഹ്യ, രാഷ്ട്രീയ, ജാതി-മത മേഖലകളെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വീറും വാശിയുമേറിയ ഒരു തിരഞ്ഞെടുപ്പാണ് ഇന്ത്യൻ സ്‌കൂളിൽ ഇക്കുറിയും നടക്കുക എന്ന് വ്യക്തമാക്കിക്കൊണ്ട് രക്ഷിതാക്കളുടെയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളുടെയും നേതൃത്വത്തിൽ ഗ്രൂപ്പ് യോഗങ്ങളും ക്യാന്പയിനുകളും ഏകദേശം ഒരു മാസം മുന്പ് തന്നെ ആരംഭിച്ചിട്ടുണ്ട്.
നിലവിലെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, നിലവിലെ സെക്രട്ടറി ഷെമിലി പി. ജോൺ, മുൻ കേരളീയ സമാജം വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതാരത്ത്, ഐ.സി.ആർ.എഫ് ജോയിന്റ് സെക്രട്ടറി അജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പാനലുകളാണ് ഇത്തവണ മത്സര രംഗത്തേയ്ക്ക് വരാൻ ഇതിനകം തീരുമാനിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാരന്റ്സ് അലയൻസ് പാനലിനെ പ്രതിനിധീകരിച്ചാണ് നിലവിലെ ചെയർമാൻ പ്രിൻസ് എസ്. നടരാജന്റെ പാനൽ മത്സരിക്കുകയെന്ന് ലൈസൻ കമ്മറ്റിയോഗം തീരുമാനിച്ചതായി രക്ഷാധികാരി മുഹമ്മദ് മലീം, ജനറൽ കൺവീനർ വിപിൻ പി.എം എന്നിവർ അറിയിച്ചിട്ടുണ്ട്. യു.പി.പിയെ അജയകൃഷ്ണൻ നയിക്കുമെന്ന് രക്ഷാധികാരിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ എബ്രഹാം ജോൺ, തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.എസ് രാജ് ലാൽ തന്പാൻ എന്നിവരും സംയുക്തമായി വാർത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനമെന്നോണം ഡോ. റോയ് സെബാസ്റ്റ്യൻ, ഡോ. സുരേഷ് സുബ്രമണ്യം, റഷീദ് എൻ.കെ വാല്ല്യക്കോട് എന്നിവരുടെ പേരുകളും യു.പി.പി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. യുണൈറ്റഡ് പാനൽ ഇന്നോവേറ്റേഴ്സ് ചെയർമാൻ സ്ഥാനാർത്ഥിയായി ഫ്രാൻസിസ് കൈതാരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ ഭരണ സമിതിയിലെ സെക്രട്ടറി ഷെമിലി പി. ജോൺ ചെയർ പേഴ്‌സണായി മത്സരിക്കാൻ തീരുമാനിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.
നിലവിലെ ഭരണ സമിതി ഉൾപ്പെട്ടിരുന്ന ഐ.എസ്.പി.പിയും, ഇന്നോവേറ്റേഴ്സ് പാനലും ഒരുമിച്ചു കൊണ്ട് പ്രോഗ്രസീവ് പാനൽ അലയൻസ് (പി.പി.എ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രിൻസ് നടരാജൻ ചെയർമാനായും ഷെമിലി പി. ജോൺ സെക്രട്ടറിയുമായ ഭരണ സമിതി മൂന്ന് വർഷം മുന്പ് അധികാരത്തിൽ വന്നത്. അന്നത്തെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോണിന്റെ നേതൃത്വത്തിലുള്ള യു.പി.പിയോടായിരുന്നു ഇവരുടെ മത്സരം. പ്രിൻസ് നടരാജന്റെ പാനലിന് ഭരണം ലഭിച്ചതോടെ യു.പി.പി പ്രതിപക്ഷത്തേയ്ക്ക് മാറി. പിന്നീട് ഇരു വിഭാഗത്തെയും നയിച്ചിരുന്ന മുന്നണികളിൽ പിളർപ്പുണ്ടാവുകയും ഐ.എസ്.പി.പിയെ നയിച്ച ശ്രീധർ തേറന്പിലും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഭരണ സമിതിയുമായി ഭിന്നിച്ച് മാറി നിൽക്കുകയും ചെയ്തു. അതേസമയം യു.പി.പിയിൽ എബ്രഹാം ജോണിനോടൊപ്പം നിന്നിരുന്ന റഫീഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ അടങ്ങുന്ന കുറച്ചുപേർ ചേർന്ന് യു.പി.പി പാരന്റ്സ് എന്ന ഗ്രൂപ്പ് രൂപപ്പെടുത്തുകയും ചെയ്തു. അതേസമയം ഇന്നോവേറ്റേഴ്സ് പാനൽ ഇത്തവണ ഫ്രാൻസിസ് കൈതാരത്തിന് പിന്തുണ നൽകി കൊണ്ട് പുതിയ പാനലിനെ അവതരിപ്പിക്കുകയാണ്. ശ്രീധർ തേറന്പിൽ നേതൃത്വം നൽകുന്ന ഐ.എസ്.പി.പി ഇന്നോവേറ്റിന് പാനലുമായി അടുക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ ഭരണ മുന്നണിയിൽ വൈസ് ചെയർമാനായ ഇഖ്‌ബാലും അവർക്കൊപ്പം ചേർന്നിട്ടുണ്ട്. അതുകൊണ്ട്തന്നെ നിലവിലെ വൈസ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്റെ പാനലിൽ സ്ഥാനാർത്ഥിയായി വീണ്ടും ഉണ്ടാകുമെന്ന് വ്യക്തം. അവസാനഘട്ടം വരെ ഭരണ സമിതിയിൽ ഒന്നിച്ചുണ്ടായിരുന്ന സെക്രട്ടറിയും ഏക വനിതാ സാന്നിദ്ധ്യവുമായ ഷെമിലി പി. ജോൺ ഭരണ സമിതിയുടെ പാനലിൽ മത്സരിക്കുന്നതിന് പകരം പുതിയൊരു പാനലിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ ചെയർമാൻ പ്രിൻസ് നടരാജനും സെക്രട്ടറിയും മുഖാമുഖം ഏറ്റുമുട്ടേണ്ടി വരുമെന്നുള്ള കാര്യം ഉറപ്പായിരിക്കുകയാണ്.
മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും, ഇപ്പോഴത്തെ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ളയുടെയും അനുഗ്രഹാശിസുകളോടെയാണ് ഫ്രാൻസിസ് കൈതാരത്തും പാനലും മത്സരിക്കുന്നത്. അതേസമയം കേരളീയ സമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പയനിയേഴ്‌സിന്റെ പിന്തുണ നിലവിലെ ചെയർമാൻ പ്രിൻസ് നടരാജനാണ്. അജയ് കൃഷ്ണനെയും സംഘത്തെയും പിന്തുണയ്ക്കുന്നത് അബ്രഹാം ജോണിന്റെ സ്വാധീനത്തിലുള്ള സംഘടനകളാണ്. വിദ്യാർത്ഥികളുടെ മാതാപിതാക്കളും, തന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തിയുള്ളവരും തനിക്കൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഷെമിലി പി. ജോൺ ചെയർ പേഴ്‌സൺ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. അതേസമയം യു.പി.പിയിൽ നിന്ന് വേറിട്ട് രക്ഷിതാക്കൾ വിഭാഗമായി മാറിയ റഫീഖ് അബ്ദുള്ളയും അവർക്കൊപ്പമുള്ള ഇൻഡക്സ് എന്ന സംഘടനയും ആർക്ക് പിന്തുണ നൽകുമെന്നുള്ള കാര്യം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷെമിലി പക്ഷത്തേയ്ക്ക് ചായുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന വിവരം.
ബഹ്‌റൈൻ പ്രവാസികൾക്കിടയിലെ പ്രമുഖ മതസ്ഥാപനങ്ങൾ, ജില്ലാ അസോസിയേഷനുകൾ തുടങ്ങി ജാതി, മത സമവാക്യങ്ങളിലൂടെ വോട്ടുകൾ ഭദ്രമാക്കാൻ ഓരോ പാനലുകളും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ചെറുസംഘടനകൾ, കൂട്ടായ്മകൾ തുടങ്ങിയവ തങ്ങൾക്കൊപ്പം നിർത്താനും പാനലുകളുടെ ഭാരവാഹികൾ നെട്ടോട്ടമോടുകയാണ്. പാനലുകൾ കൂടി വരുന്പോഴും തങ്ങൾക്കൊപ്പമുള്ള വോട്ട് ബാങ്കുകളുടെ കണക്ക് പറഞ്ഞ് സീറ്റിന് വിലപേശാൻ നടക്കുന്നവരും ആര് ഭരിച്ചാലും സ്‌കൂളിനെ ചുറ്റിപ്പറ്റി കഴിയുന്ന ചില ഉപജാപക സംഘങ്ങളും തിരഞ്ഞെടുപ്പിനെ സജീവമാക്കാൻ രംഗത്ത് സജീവമായി നിലകൊള്ളുന്നുണ്ട്. എന്തായാലും ഇനിയുള്ള ദിവസങ്ങൾ രക്ഷിതാക്കൾക്ക് സുഭിക്ഷമായി ഭക്ഷണം ലഭിക്കുന്ന പ്രചരണ ക്യാന്പയിനുകൾ പലയിടത്തും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിഷ്പക്ഷരായ രക്ഷിതാക്കൾ.