അഹമ്മദാബാദിൽ 24 മണിക്കൂറിനിടെ ഒന്പത് നവജാത ശിശുക്കൾ മരിച്ചു

അഹമ്മദാബാദ് : രാജ്യത്ത് ശിശുമരണം തുടർക്കഥയാകുന്നു. ഗോരഖ്പൂർ സംഭവത്തിന് പിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ ഒന്പത് നവജാതശിശുക്കൾ മരിച്ചു. അഞ്ച് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഈ കുട്ടികളുടെ നിലയും ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ വലിയ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ബന്ധുക്കൾ സംഘർഷമുണ്ടാക്കുമെന്ന് ഭയന്നാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.
വിവിധ സ്വകാര്യാശുപത്രികളിൽ നിന്നായി ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളാണ് മരിച്ചവരിലേറെയും. ലുനവാഡ സിവിൽ ഹോസ്പിറ്റൽ, സുരേന്ദ്ര നഗർ, മാൻസ തുടങ്ങിയ സ്വകാര്യ ആശുപത്രികളിൽ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി അഹമ്മദാബാദ് സർക്കാർ ആശുപത്രിയിലെത്തിച്ച കുഞ്ഞുങ്ങളാണ് മരിച്ചവരിൽ ഏറെയും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് തൂക്കക്കുറവ്, ശ്വാസതടസ്സം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങൾ കുഞ്ഞുങ്ങൾക്കുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് മരിച്ചത്.
കുട്ടികൾ മരിച്ച സമയങ്ങളിൽ പ്രമുഖ ഡോക്ടർമാർ എല്ലാം തന്നെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നെന്നും ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ആശുപത്രി നൽകിയിരുന്നെന്നുമാണ് വിശദീകരണം. ഗുജറാത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിലുണ്ടായ ഈ ദുരന്തം അന്വേഷിക്കുന്നതിനായി ആശുപത്രി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ശിശുരോഗ വിദഗ്ധൻ, ഗൈനക്കോളജിസ്റ്റ്, സർക്കാർ പ്രതിനിധി എന്നിവരാണ് കമ്മിറ്റിയിലുള്ളത്.