കലയും കലാകാരനും ഏത് പ്രതിസന്ധിയേയും അതിജീവിക്കും : ജാസി ഗിഫ്റ്റ്

രാജീവ് വെള്ളിക്കോത്ത്
മനാമ : കല എന്ന് പറയുന്നത് പ്രതിബന്ധങ്ങൾ നിറഞ്ഞതാണെങ്കിലും കഴിവുള്ള ഏതൊരു കലാകാരനും പ്രതിസന്ധികളെ അതിജീവിക്കുകതന്നെ ചെയ്യുമെന്ന് പ്രമുഖ സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് പറഞ്ഞു. ഇന്ത്യൻ ക്ലബ്ബ് ഓണാഘോഷത്തോടനുബന്ധിച്ച് സംഗീത പരിപാടി അവതരിപ്പിക്കാൻ ബഹ്റൈനിലെത്തിയ അദ്ദേഹം 4 പി.എം ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പറഞ്ഞത്.
മലയാള ചലച്ചിത്ര മേഖലയിൽ പലപ്പോഴും ഇതിന് മുൻപും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സർഗ്ഗ സൃഷ്ടിപരമായ കഴിവുകൾ അതിന്റെതായ രീതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. മലയാള സിനിമാമേഖലയിൽ നിലവിലെ പ്രതിസന്ധിയെപ്പറ്റി ചോദിച്ചപ്പോഴാണ് ജാസി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചിലപ്പോൾ അവസരങ്ങൾ കുറഞ്ഞെന്നോ കൂടിയെന്നോ വരും. അതെല്ലാം ഒരു സമയം കൊണ്ട് തീരുന്നതല്ല. എന്നാൽ തീയറ്ററുകളിൽ ആളുകൾ കുറയുന്നത് പൊതുവെ സിനിമാ മേഖലയ്ക്ക് ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനെപ്പറ്റിയും ജാസിക്ക് വ്യക്തമായ മറുപടിയുണ്ട്. പാട്ട് നല്ലതാണെങ്കിൽ അത് ആസ്വാദകർ ഏത് വിധേനയും കേട്ടുകൊള്ളും എന്നതാണ് തന്റെ അഭിപ്രായം. ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത് പാട്ട് അടിച്ചേൽപ്പിക്കുന്നതിനോട് യോജിപ്പില്ല. കമന്റുകൾ ഇടുന്നതും അല്ലെങ്കിൽ ആസ്വാദകരുടെ പ്രാർത്ഥന വേണം എന്നൊക്കെയുള്ള രീതിയിലുള്ള പോസ്റ്റുകൾ ശുദ്ധ അസംബന്ധമാണ്. ആരുടേയും പ്രാർത്ഥനകൊണ്ടൊന്നും പാട്ടുകൾ നന്നാകാൻ പോകുന്നില്ലെന്നും തമാശ രൂപത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്നത്തെക്കാലത്ത് സോഷ്യൽ മീഡിയയുടെ പിന്തുണ കലാകാരന്മാർക്ക് വലിയ അളവിൽ പ്രയോജനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയകൾ ഇത്രയും സജീവമല്ലാത്ത കാലത്താണ് ലജ്ജാവതി ഇറങ്ങിയത്. അത് സംഗീതം ചെയ്തത് ആരെന്ന് പോലും അറിയാതെ ആ പാട്ട് പ്രശസ്തമാക്കിയത് അന്പലപ്പറന്പുകളിലും മറ്റും പ്രോഗ്രാം നടത്തുന്ന ഗാനമേള സംഘങ്ങളായിരുന്നു. ലജ്ജാവതി ഇല്ലാതെ ഗാനമേള അവതരിപ്പിക്കുക എന്നത് പ്രയാസകരമായ അവസ്ഥയും ഉണ്ടായി. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് പാട്ട് പ്രശസ്തമായത്. അല്ലാതെ ഫെയ്‌സ് ബുക്കോ വാട്സ് ആപ്പോ മുഖേനയല്ലെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ രീതിയിൽ പാട്ട് ആസ്വദിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്യുന്നവരെയാണ് ഇഷ്ടം. മറ്റുള്ളവരെ കഷ്ടപ്പെടുത്തി പാട്ട് ഹിറ്റ് ആക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെയ്തിട്ടുള്ളതിൽ െവച്ച് ഏറ്റവും ഇഷ്ടം ലജ്ജാവതിയെ എന്നുള്ള ഗാനം തന്നെയാണ്.
ഇന്ന് എല്ലാവരും ബാൻഡ് സംഗീതത്തിന് പിറകെ പോകുന്പോൾ വർഷങ്ങൾക്ക് മുൻപ് തന്നെ എസ് 5 എന്ന ബാൻഡിലൂടെയാണ് ‘ഫോർ ദി പീപ്പിളിലെ’ ഗാനങ്ങൾ പിറവിയെടുത്തതെന്നും അദ്ദേഹം ഓർമ്മിച്ചു. അന്ന് ബാൻഡുകൾ പോപ്പുലർ അല്ലായിരുന്നു. ഇന്ന് നേരെ തിരിച്ചാണ്. പക്ഷെ ഇപ്പോൾ ബാൻഡുകളിൽ അനുകരണമാണ് കണ്ടുവരുന്നത്. മാത്രമല്ല പലപ്പോഴും പഴയകാലത്ത് ഹിറ്റ് ആയിട്ടുള്ള പാട്ടുകളാണ് പുതിയ കുപ്പിയിലാക്കുന്നത്. അത് വിജയിച്ചു കഴിഞ്ഞാൽ അടുത്ത ബാൻഡും അതെ സ്വഭാവമാണ് പകർത്തുന്നത്. ബാൻഡ് പേരുകൾ പോലും അത്തരത്തിൽ കോപ്പികൾ ആയിപ്പോകുന്നു. ലജ്ജാവതി ഇറങ്ങിയപ്പോഴും പിന്നീട് ആ മാതൃകയിലേയ്ക്ക് പലരും കടക്കുകയും ചെയ്തു. ഇങ്ങനെ കോപ്പികൾ ചെയ്യാതെ ബാൻഡുകൾ ആയാലും സിനിമാപ്പാട്ടുകൾക്ക് മേലെ നിൽക്കുന്ന പുതിയ പാട്ടുകൾ ഉണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിന് പിറകെ ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ സജീവമായത് കൊണ്ട് ബാംഗളൂരുവിൽ പ്രവർത്തനമേഖലയാക്കിയ ജാസി ഗിഫ്റ്റിന്റെ ഏറ്റവും പുതിയ മലയാള ചലച്ചിത്രം ‘ഇവിടെ ഈ നഗരത്തിൽ’ അടുത്ത മാസം റിലീസാകും. കന്നടയിൽ ഇപ്പോഴും സിനിമയെപ്പോലെ തന്നെ പാട്ടുകളെയും വളരെ ഗൗരവതരമായി കാണുകയും, പാട്ടുകളുടെ സീഡി പ്രത്യേകമായി തന്നെ ഇറങ്ങുന്നുണ്ടെന്നും ജാസി പറഞ്ഞു. മുൻപ് മലയാള സിനിമാ മേഖല എങ്ങിനെ ആയിരുന്നുവോ, അതുപോലെയാണ് ഇപ്പോൾ കന്നഡ. അവർ സംഗീത വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തുക്കാരനായ ജാസി ഇപ്പോൾ പെരുന്പാവൂരിലാണ് കുടുംബസമേതം താമസം. ഭാര്യ റീന.