ബഹ്‌റൈനിൽ മൊബൈൽ മോഷ്ടാവിനെ മലയാളി തന്ത്രപരമായി കെണിയിലാക്കി

മനാമ: മലയാളികളുടെ ഇടപെടലിലൂടെ മോഷ്ടാവിനെ തന്ത്രപരമായി വലയിലാക്കിയതിനെ തുടർന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ ഐ ഫോൺ ഉടമയ്ക്ക് തിരികെ ലഭിച്ചു. ഇന്ന് രാവിലെ ഈസ്റ്റ് റിഫയിലെ ഇന്റർകോം എന്ന മൊബൈൽ ഷോപ്പിലാണ് നാടകീയ സംഭവങ്ങൾക്കൊടുവിൽ മോഷ്ടാവിനെ പിടികൂടിയത്. മൊബൈൽ ഷോപ്പ് നടത്തുന്ന കുറ്റ്യാടി സ്വദേശി ഹരിസാണ് മോഷ്ടാവിനെ കുടുക്കിയത്.
മൊബൈൽ ഷോപ്പിന് സമീപത്തുള്ള മറ്റൊരു കടയിലെ ജീവനക്കാരാണ് ഒരു ഐ ഫോൺ വിൽക്കാനായി പാകിസ്ഥാൻ സ്വദേശികൾ എത്തിയിട്ടുണ്ടെന്ന വിവരം നൽകിയത്. തുടർന്ന് അവരോട് തന്റെ കടയിലേയ്ക്ക് വരാൻ പറഞ്ഞു. വിവയിൽ നിന്നും വാങ്ങിയ ഫോൺ ആണെന്നും സാന്പത്തിക ഞെരുക്കം കൊണ്ട് വിൽക്കുകയാണെന്നും പാകിസ്ഥാനികൾ പറഞ്ഞു. തുടർന്ന് മൊബൈൽ ഫോൺ പരിശോധിച്ച ഹാരിസ് ഫോണിലെ മായ്ച്ചുകളഞ്ഞ ഫയലുകൾ പരിശോധിച്ചപ്പോൾ പലതും മലയാളികളുടെ പേരുകളും ഫോട്ടോയുമാണ് കണ്ടത്. അതേ ഫോണിൽ ലോഗ് ഔട്ട് ചെയ്യാതെ കിടന്നിരുന്ന ഫെയ്‌സ് ബുക്കിലും മലയാളി എന്ന് കരുതുന്ന ഹമീദ് എന്നയാളിന്റെ പേരാണ് കിടന്നിരുന്നത്. സംശയം തോന്നിയ ഹാരിസ് ഫോൺ കോണ്ടാക്ട് ലിസ്റ്റിലെ ആദ്യ പേരുകാരന്റെ നന്പറായ എ.പി ഫൈസൽ എന്ന പേരും നന്പറും കുറിച്ചുവെച്ചു. അവർക്ക് സംശയം തോന്നാത്ത രീതിയിൽ വിലപേശലും നടത്തികൊണ്ടായിരുന്നു ഈ കാര്യങ്ങളൊക്കെ ഹാരിസ് ചെയ്തത്. തുടർന്ന് കടയിൽ മറ്റ് ഉപഭോക്താക്കൾ വന്നപ്പോൾ കടയിൽ തിരക്ക് കുറഞ്ഞ് അൽപ്പസമയം കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു.
തൊട്ടടുത്ത കടയിലേയ്ക്കാണ് പാക്കിസ്ഥാൻ സ്വദേശികൾ ആ സമയം പോയത്. ഈ ഇടവേളയിൽ ഹാരീസ് ആദ്യ നന്പറിന്റെ ഉടമയായ എ.പി ഫൈസലിനെ വിളിച്ചു കാര്യം പറയുകയും, ഫോണിലുള്ള ഫെയ്സ് ബുക്കിലെ ഹമീദിന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നോ എന്ന കാര്യം അന്വേഷിക്കുകയും ചെയ്തു. കെ.എം.സി.സി സജീവ പ്രവർത്തകനായ എ.പി ഫൈസലിന് നല്ല പരിചയമുള്ള വ്യക്തിയായിരുന്നു ഫോണിന്റെ യഥാർത്ഥ ഉടമയായ ഹമീദ്. ലുലു ഹിദ്ദിന് എതിർവശത്തെ തന്റെ റെസ്റ്റോറന്റിൽ നിന്നാണ് വെള്ളിയാഴ്ച ഐ ഫോൺ മോഷണം പോയതെന്ന് ഹമീദ് ഫൈസലിനോട് പറഞ്ഞതോടെ റിഫയിലെ കടയിൽ വിൽക്കാൻ കൊണ്ടുവന്ന ഫോൺ ഹമീദിന്റെതാണെന്നുള്ള കാര്യം ഉറപ്പായി. ഇക്കാര്യം ഫൈസൽ ഉടൻ തന്നെ മൊബൈൽ ഷോപ്പുടമ ഹാരിസിനെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹമീദിനെ റിഫയിലേയ്ക്ക് ഉടൻ എത്താൻ പറയുകയും ചെയ്തു.
ഈ സമയത്തിനുള്ളിൽ മൊബൈൽ ഫോണിന്റെ ഇ.എം.ഐ.ഇ നന്പർ, എടുക്കുകയും ഐ ക്ലൗഡ് എന്ന സോഫ്റ്റ് വെയർ മൊബൈലിൽ എടുത്തുെവയ്ക്കുകയും ചെയ്തു. യഥാർത്ഥ ഉടമ കടയിൽ എത്തുന്നത് വരെ മോഷ്ടാവിനെ പല കാരണങ്ങൾ ഉണ്ടാക്കി പിടിച്ചു നിർത്താനും ഹാരിസിന് സാധിച്ചു. ഹാരിസിനോടൊപ്പം കെ.എം.സി.സി പ്രവർത്തകരായ ഫൈസൽ, ജമാൽ കല്ലുംപുറം, ഫിറോസ് പുറമേരി, അനസ് അന്പുകണ്ടി, ഹിജാസ്, സകരിയ എന്നിവരുടെ സമയോചിതമായ ഇടപെടലിലൂടെ മോഷ്ടാവ് പരിസരം വിട്ടു പോകാതെ പോലീസിന് കൈമാറാൻ സാധിച്ചു.
വെള്ളിയാഴ്ച റെസ്റ്റോറന്റിൽ വളരെ തിരക്കുള്ള സമയത്താണ് കടയിൽ ചാർജ്ജിന് െവച്ചിരുന്ന ഫോൺ മോഷ്ടിക്കപ്പെട്ടതെന്ന് ഹമീദ് പറഞ്ഞു. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ ചാർജ്ജ് ചെയ്യാൻ െവച്ചിരുന്ന മൊബൈലിൽ റിംഗ് ചെയ്തതാണ് ശ്രദ്ധിക്കാൻ കാരണമായത്. ബിരിയാണി കഴിച്ചതിന് ശേഷം ചായ ആവശ്യപ്പെട്ട മോഷ്ടാക്കൾക്ക് തിരക്ക് കാരണം പെട്ടെന്ന് ചായ ഉണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് സമോവറിൽ നിന്ന് വെള്ളമെടുത്ത് അവർ സ്വന്തമായി ചായ ഉണ്ടാക്കുകയായിരുന്നുവെന്നും ഹമീദ് ഓർമ്മിച്ചു. ആ തക്കത്തിലാണ് മൊബൈൽ ഫോൺ കൈക്കലാക്കി കടന്നു കളഞ്ഞത്. ഹമീദ് അന്ന് തന്നെ പോലീസിൽ പരാതിയും നൽകിയിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ മൊബൈൽ മലയാളികളുടെ ഇടപെടലിലൂടെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ഹമീദ്. ഫോൺ കണ്ടെത്താൻ സഹായിച്ച ഹാരിസിനും കെ.എം.സി.സി പ്രവർത്തകർക്കും ഹമീദ് നന്ദി പറഞ്ഞു.