പാരീസ് കാലാവസ്ഥാ ഉടന്പടിയിൽ നിന്നു പിൻവാങ്ങുമെന്ന് ആവർത്തിച്ച് അമേരിക്ക


വാഷിംഗ്ടൺ : വ്യവസ്ഥകൾ ഉദാരമാക്കുന്നില്ലെങ്കിൽ പാരീസ് കാലാവസ്ഥാ ഉടന്പടിയിൽ നിന്നു പിൻവാങ്ങുമെന്ന് ആവർത്തിച്ച് അമേരിക്ക രംഗത്ത്. മുന്പെടുത്ത നിലപാടിൽനിന്ന് അമേരിക്ക അയഞ്ഞിട്ടുണ്ടെന്ന യൂറോപ്യൻ നയതന്ത്ര പ്രതിനിധികളുടെ അഭിപ്രായ പ്രകടനങ്ങൾക്കു പിന്നാലെയാണ് വൈറ്റ്‌ഹൗസിന്റെ മറുപടി. രാജ്യത്തിന് അനുകൂലമായ രീതിയിൽ കരാർ ഉടന്പടി വ്യവസ്ഥകളിൽ ഭേദഗതിക്കു തയാറല്ലെങ്കിൽ കരാറിൽനിന്നു പിൻവാങ്ങുമെന്ന് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ജൂണിൽ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് വൈറ്റ്‌ഹൗസ് വക്താവ് സാറാ ഹക്കാബി സാൻഡേഴ്‌സ് പറഞ്ഞു.
30 രാജ്യങ്ങളിലെ പരിസ്ഥിതി മന്ത്രിമാർ ഉടന്പടിയെക്കുറിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം മോൺഡ്രിയലിൽ സമ്മേളിച്ചിരുന്നു. ഇതിൽ അമേരിക്കൻ നിരീക്ഷകരും പങ്കെടുത്തു. ഉടന്പടിക്കാര്യത്തിൽ വിട്ടുവീഴ്‌ചയ്‌ക്കില്ലെങ്കിലും ചില വ്യവസ്ഥകളുടെ കാര്യത്തിൽ പുനഃപരിശോധനയ്‌ക്കു തയാറാണെന്നാണ് സമ്മേളനത്തിൽ അമേരിക്കൻ പ്രതിനിധികൾ വ്യക്തമാക്കിയതെന്ന് യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ വകുപ്പ് ഉന്നതൻ പറഞ്ഞു. ട്രംപിന്റെ നിലപാടിനു വിരുദ്ധമായ അഭിപ്രായമാണിത്.
ഇത്തരമൊരു സാഹചര്യത്തിൽ, അടുത്തയാഴ്‌ച ഐക്യരാഷ്‌ട്ര സഭാസമ്മേളനം ചേരുന്നതിനു മുന്പായി അമേരിക്കയുടെ യഥാർത്ഥ നിലപാട് അറിയാൻ യോഗം വിളിച്ചുചേർക്കുമെന്നും മിഗ്വേൽ ഏരിയാസ് കാനെറ്റ് വ്യക്തമാക്കി. നിലപാടിൽനിന്ന് അമേരിക്ക അയയുന്നതിന്റെ സൂചനയായി ഇവ വ്യാഖ്യാനിക്കപ്പെടുന്പോഴാണ് അങ്ങനെ ഒരു സന്ദേഹത്തിന്റെ കാര്യമില്ലെന്ന് വൈറ്റ്‌ഹൗസ് വക്താവ് സാറാ ഹക്കാബി സ്ഥിരീകരിക്കുന്നത്.