ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മെഗാ ഫെയർ ടിക്കറ്റ് പുറത്തിറക്കി

മനാമ: ഇന്ത്യൻ സ്‌കൂളിന്റെ ഈ വർഷത്തെ മെഗാ ഫെയറിനും ഭക്ഷ്യമേളയ്ക്കുമുള്ള ടിക്കറ്റ് പുറത്തിറക്കുന്ന ചടങ്ങ് ശനിയാഴ്ച നടന്നു. ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, ക്രൗൺ ഇലക്ട്രോ മെക്കാനിക്കൽ സർവ്വീസസ് ഡയറക്ടർ എസ്. ഇനിയദുള്ള, ക്യാപ്പിറ്റൽ ട്രാൻസ്‌പോർട്ട് ഡയറക്ടർ ഖാലിദ് ബുച്ചീരി എന്നിവർക്ക് ആദ്യ ടിക്കറ്റ് നൽകി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ടിക്കറ്റ് ലോഞ്ച് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്‌ബാൽ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഡോ. സി.ജി മനോജ് കുമാർ, ഇന്ത്യൻ സ്‌കൂൾ നിർവ്വാഹക സമിതി മെന്പർ ഫിനാൻസ് എസ്.കെ രാമചന്ദ്രൻ, മെന്പർ ഐ.ടി സജി ആന്റണി, മെന്പർ അക്കാദമിക്സ് മുഹമ്മദ് ഖുർഷീദ് ആലം, മെന്പർ സ്പോർട്സ് ജയഫർ മൈദാനി, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും റിഫ ക്യാന്പസ് പ്രിൻസിപ്പാൾ സുധിർ കൃഷ്ണൻ നന്ദിയും പറഞ്ഞു.
റിഫ ക്യാന്പസിലെ കുരുന്നുകൾ അവതരിപ്പിച്ച നൃത്തപരിപാടിയും അരങ്ങേറി. ഒക്ടോബർ 12നും 13നും ഇന്ത്യൻ സ്‌കൂൾ ഇസാടൗൺ ക്യാന്പസ് ഗ്രൗണ്ടിലാണ് മെഗാഫെയർ നടക്കുക. പ്രമുഖ ബോളിവുഡ് ഗായകനായ നകാഷ് അസീസും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നാണ് ഫെയറിന്റെ ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം. രണ്ടാം ദിനത്തിൽ തെന്നിന്ത്യൻ ഗായകരായ ശ്രീനിവാസും ജ്യോസ്‌നയും വിഷ്ണു രാജും സംഗീത പരിപാടി അവതരിപ്പിക്കും. മെഗാഫെയറിലൂടെ സമാഹരിക്കുന്ന തുക നിർധന വിദ്യാർത്ഥികളുടെ ഫീസ് ഇളവിനും അദ്ധ്യാപകരുടെ ക്ഷേമത്തിനും അക്കാദമിക മികവിനിടയിലും സാന്പത്തിക പരാധീനത നേരിടുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. മേളയുടെ ഭാഗമായി ഒക്ടോബർ 13ന് നടക്കുന്ന റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനാർഹന് സയാനി മോട്ടോഴ്‌സ് നൽകുന്ന കാർ ലഭിക്കും. സ്‌കൂൾ ഫെയറിനുള്ള പ്രവേശന ടിക്കറ്റിന് രണ്ട് ദിനാറാണ് ഈടാക്കുന്നത്. ശനിയാഴ്ച നടന്ന ചടങ്ങിൽ വിവിധ സംഘടനാ പ്രതിനിധികൾ ടിക്കറ്റ് ഏറ്റുവാങ്ങി.